KeralaNews

മൃതദേഹം പള്ളി സെമിത്തേരിയിലും ദഹിപ്പിക്കാം; കോവിഡില്‍ സംസ്‌കാര നിര്‍ദ്ദേശവുമായി ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കോവിഡ് ബാധിച്ച്‌ ആരെങ്കിലും മരിക്കുകയോ മരണശേഷം കോവിഡ് പോസിറ്റീവ് ആയി കാണുകയോ ചെയ്താലും അവരുടെ സംസ്‌കാരം പള്ളികളിലെ സെമിത്തേരിയില്‍ നടത്തുന്നതിനു ബുദ്ധിമുട്ടോ തടസ്സമോ ഉണ്ടാക്കരുതെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍. മരണാനന്തരകര്‍മങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരും ബന്ധപ്പെട്ട അധികാരികളും നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മാന്യമായും ആദരപൂര്‍വ്വമായും നടത്തണം.

മൃതശരീരം പള്ളിയില്‍ പ്രവേശിപ്പിക്കാതെ അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നിബന്ധനകള്‍ പാലിച്ച്‌ സൗകര്യപ്രദമായ സ്ഥലത്തു നടത്തണം. മൃതദേഹ സംസ്‌കാരത്തിന് മൂന്നു മാര്‍ഗങ്ങള്‍ ഉണ്ട്. അതില്‍ ഏതെങ്കിലും ഒന്ന് സ്വീകരിക്കാം. സെമിത്തേരിയില്‍ തന്നെ സ്ഥലമുണ്ടെങ്കില്‍ സൗകര്യമായ സ്ഥലത്ത് 10 അടി ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കാം. കുടുംബക്കല്ലറയിലോ പൊതു കല്ലറയിലോ നടത്തുന്നത് ഉചിതമായിരിക്കുകയില്ല.

പൊതുശ്മശാനങ്ങളിലോ സൗകര്യപ്രദമായ മറ്റ് എവിടെയെങ്കിലും സ്ഥലത്തോ മൃതദേഹം ദഹിപ്പിക്കാം. അതിനുശേഷം അവിടെ നിന്ന് ഒരു പെട്ടിയിലാക്കി കൊണ്ടുവന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കാമെന്നും ഫാ. എം.ഒ. ജോണ്‍ വ്യക്തമാക്കി. ദഹിപ്പിക്കുന്നതിന് സഭ അനുവാദം നല്‍കിയതായി പരിശുദ്ധ ബാവാ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച്‌ പള്ളി സെമിത്തേരിയില്‍ സൗകര്യപ്രദമായ സ്ഥലത്ത് മൃതദേഹം ദഹിപ്പിക്കാം എന്നാണ് നിര്‍ദ്ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button