തിരുവനന്തപുരം:കൊവിഡ് ബാധിച്ച് മരിയ്ക്കുന്നവരുടെ മൃതദേഹങ്ങൾ വീടുകളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെയ്ക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രോഗബാധിതരായി മരിയ്ക്കുന്നവരുടെ കുടുംബങ്ങളുടെ മാനസിക സംഘർഷം കുറയ്ക്കാനാണ് നടപടി.പരിമിതമായ രീതിയിൽ മതപരമായ ചടങ്ങുകൾക്ക് അനുമതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടിപിആര്‍ കുറയാത്തത് ഗൌരവമായ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടിപിആറിന്‍റെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ച് നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.165 പ്രദേശങ്ങളിലാണ് ടിപിആർ ആറ് ശതമാനത്തിന് താഴെയുള്ള എ വിഭാഗം. ടിപിആർ ആറിനും 12നും ഇടയിലുള്ള ബി വിഭാഗത്തിൽ 473 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ടിപിആർ 12നും 18നും ഇടയിലുള്ള 316 പ്രദേശങ്ങൾ സി വിഭാഗത്തിലുണ്ട്. 80 ഇടത്ത് ടിപിആർ 18 (ഡി വിഭാഗം) ശതമാനത്തിന് മുകളിലാണ്. ഈ വിഭാഗീകരണം അടിസ്ഥാനമാക്കി ആയിരിക്കും നാളെ മുതൽ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുക.
കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടാവാന്‍ പാടില്ല. അന്തർസംസ്ഥാന യാത്രികർ കൊവിഡ് നെഗറ്റീവ സർട്ടിഫിക്കറ്റ് കരുതണമെന്ന നിർദേശം അനുസരിച്ച് എയർപോർട്ടിൽ ഫലപ്രദമായ പരിശോധനാ സൗകര്യമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇതേ നിലയിൽ പരിശോധന കർശനമാക്കും. ഹോം സ്റ്റേക്കൾ, സർവ്വീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ഗൈഡുമാർ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ എന്നിവരെ 18+ പ്രായവിഭാഗത്തിലെ മുൻഗണനാപട്ടികയിലേക്ക് മാറ്റും.