കൊല്ലം: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാതെ 19 ദിവസങ്ങളായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പത്തനാപുരം സ്വദേശി ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നത്. ഒക്ടോബർ 12നാണ് ദേവരാജൻ മരിച്ചത്.
വീട്ടിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തിനാൽ ആരോഗ്യവകുപ്പ് ഈ ചുമതല ഏറ്റെടുത്തിരുന്നു. മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കാനുള്ള അനുമതി ദേവരാജന്റെ ഭാര്യ പുഷ്പവല്ലി ആരോഗ്യവകുപ്പിന് നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം മറ്റൊരാവശ്യത്തിനായി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മൃതദേഹം സംസ്കരിച്ചിട്ടില്ലെന്ന കാര്യം ബന്ധുക്കൾ അറിയുന്നത്. ഇതേതുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് കൊല്ലം ഡിഎംഒ വ്യക്തമാക്കി.