യു.കെയില്‍ നിന്നു നെടുമ്പാശേരിയിലെത്തിയ റഷ്യന്‍ പൗരന് കൊവിഡ്

കൊച്ചി: യു.കെയില്‍ നിന്നു നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25കാരനായ യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവായത്. ഇയാളെ അമ്പലമുകള്‍ ഗവണ്‍മെന്റ് കൊവിഡ് ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചു.

പുലര്‍ച്ചെ 5.25നുള്ള വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നുണ്ട്. പരിശോധന, നിരീക്ഷണം എന്നിവയില്‍ വീഴ്ച വരുത്തരുത്.

കൊവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള കേരളം, കര്‍ണാടക, തമിഴ്‌നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീര്‍ എന്നി സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കര്‍ണാടകയ്ക്ക് പിന്നാലെ ഇന്നലെ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി.

കഴിഞ്ഞ 24ന് കേപ് ടൗണില്‍ നിന്നെത്തി കല്യാണിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു താനെ ഡോംബിവലി സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍. ദില്ലി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡും മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോണും സ്ഥിരീകരിച്ചു. 32കാരന് ഇപ്പോഴും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സിംബാബ്‌വേയില്‍ നിന്ന് 72കാരന്‍ ജാനംഗറിലുള്ള ഭാര്യവീട്ടിലെത്തിയത്. പനിയെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൊവിഡ് കണ്ടെത്തി.

പിന്നാലെ ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ജാംനഗറിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന 72കാരന് പനിയും ചുമയും ഉണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. അതേസമയം മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News