മൂന്നാര്‍: പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ തെരച്ചില്‍ സംഘാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ ക്വറന്റൈനിലാക്കും.
അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരന്‍ സ്ഥലത്തെത്തി. പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കകണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രദേശം സന്ദര്‍ശിച്ചു.
അതേസമയം ഇന്ന് തെരച്ചിലിന്റെ മൂന്നാം ദിനമാണ്. പെട്ടിമുടിയില്‍ കെട്ടിടത്തിന് മണ്ണിടിഞ്ഞാണ് പ്രദേശത്ത് 100ന് അടുത്ത് ആളുകള്‍ അപകടത്തില്‍പ്പെട്ടത്. മഴ മാറി നിന്നാല്‍ പ്രവര്‍ത്തനം വേഗത്തില്‍ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എട്ട് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. ഡോഗ് സ്‌ക്വാഡിന്റെ സഹായവും തേടിയിട്ടുണ്ട്. പാറപൊട്ടിച്ചും ആളുകളെ പുറത്തെടുക്കാന്‍ തീരുമാനമായി.
കൂടുതല്‍ യന്ത്ര സാമഗ്രികള്‍ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍ നിന്ന് കണ്ടെത്തി. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡന്റ് രേഖാ നമ്പ്യാര്‍ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നുണ്ട്.