മലപ്പുറം:പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കും.
സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. വിവാഹം, മരണാന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കേ ഒത്തു കൂടാന്‍ അനുമതിയുള്ളൂ. പാല്‍, പത്രം, മീഡിയ, മെഡിക്കല്‍ ലാബ് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.
ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ 30 മിനിറ്റില്‍ കൂടുതല്‍ സമയം ഈ പ്രദേശ പരിധിയില്‍ ഉണ്ടാവാന്‍ പാടുള്ളതല്ല. അവശ്യവസ്തുക്കള്‍ കൊണ്ടു പോകുന്നതിനുള്ള വാഹനങ്ങളുടെ (ചരക്കു വാഹനങ്ങള്‍) ഗതാഗതം അനുവദിക്കും. നഗരസഭാ പരിധിയില്‍ റേഷന്‍ കടകള്‍ക്ക് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഈ കടകളും പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. കടയില്‍ ഒരേ സമയം സാമൂഹിക അകലം പാലിച്ച് അഞ്ച് ഉപഭോക്താക്കളില്‍ കൂടുതല്‍ പാടില്ല. കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാ അകലം പാലിക്കുന്നതിലേക്കായി പ്രത്യേകം അടയാളങ്ങള്‍ (45 സെ.മി ഡയാമീറ്റര്‍ സര്‍ക്കിള്‍) രേഖപ്പെടുത്തണം. സാനിറ്റെസര്‍ / സോപ്പുപയോഗിച്ച് കൈ കഴുകുവാനുളള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കും. ലംഘനം കണ്ടെത്തുന്നതിന് പ്രത്യേകമായി നിയോഗിച്ച സ്‌ക്വാഡുകള്‍ക്ക് ഇതിനുള്ള പ്രത്യേക അധികാരം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നിലവിലെ സ്‌ക്വാഡിന് പുറമേ രണ്ട് സ്‌ക്വാഡുകള്‍ കൂടി നിയോഗിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 30 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.