ജിദ്ദ: സൗദിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 600 നോടടുക്കുന്നു. വ്യാഴാഴ്ച 590 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 386 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,597 ആയി ഉയർന്നു. ഇവരിൽ 3,78,469 പേർക്കും രോഗം ഭേദമായി.
കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,676 ആയി ഉയർന്നിരിക്കുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 5,452 ആയി ഉയർന്നു. ഇവരിൽ 699 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.
സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 238 പുതിയ കേസുകളാണ് കണ്ടെത്തിയത്. ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലും രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 238, മക്ക 111, കിഴക്കൻ പ്രവിശ്യ 84, മദീന 34, വടക്കൻ അതിർത്തി മേഖല 30, ഹാഇൽ 22, അൽ ഖസീം 18, അസീർ 17, തബൂക്ക് 12, ജീസാൻ 10, നജ്റാൻ 7, അൽജൗഫ് 4, അൽബാഹ 3.
ഖത്തറിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. 49, 62 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ആകെ മരണം 291 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 780 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. 118 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്.
രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിന്റെ പ്രധാന കാരണം ക്വാറൻറീൻചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരത്തെ തന്നെ അധികൃതർ പറയുകയുണ്ടായി. 437 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. നിലവിലുള്ള ആകെ രോഗികൾ 15,552 ആണ്. 13,589 പേരെയാണ് രാജ്യത്ത് പരിശോധിച്ചത്. ആകെ 17,34,601 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,79,964 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,64,121 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1668 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 239 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 338 പേരുമുണ്ട്. ഇതിൽ 51 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
ഒമാനില്‍ 800 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,60,018 ആയി. മൂന്ന് പേര്‍ കൂടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 1,681 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്.
673 പേര്‍ കൂടി രോഗമുക്തി നേടി. 1,44,639 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിലെ രോഗമുക്തി നിരക്ക് 90.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 515 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 160 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.