ന്യൂഡല്‍ഹി : ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വരും ആഴ്ചകളില്‍ മരണം ഇരട്ടിക്കും. ജൂണ്‍ 11നകം 4,04,000 മരണങ്ങള്‍വരെ ഉണ്ടായേക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ വിദഗ്ധ സംഘം പറയുന്നു.
യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ആരോഗ്യ വിശകലന വിഭാഗം പ്രവചിക്കുന്നത്, ജൂലായ് അവസാനത്തോടെ ഇന്ത്യയില്‍ 1,018,879 മരണങ്ങള് ഉണ്ടാകുമെന്നാണ്. അമേരിക്കയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം. ഇങ്ങനെ പോയാല്‍ ഇന്ത്യ ഇത് മറികടക്കുമെന്നും അവര്‍ പറയുന്നു.
ഇന്ത്യയില്‍ ബുധനാഴ്ച 3,780 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 2,26,188 ആയി. 24 മണിക്കൂറിനിടെ 3,82,315 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചക്കിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 26 ലക്ഷത്തിലധികം ആളുകള്‍ക്കാണ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി കവിഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങി 12 സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍.