തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11659 പേര്‍ക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേര്‍ രോഗമുക്തരായി. 364 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേര്‍ക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 90 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
19 ആരോഗ്യപ്രവര്‍ത്തര്‍, ഒരു ഡിഎസ്ഇ, ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചത്. 70 വയസുള്ള അരുള്‍ദാസ്, 60 വയസുള്ള ബാബുരാജ് എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇവരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
പൊസീറ്റീവ് കേസുകള്‍ (ജില്ല തിരിച്ച്
തിരുവനന്തപുരം -173, കൊല്ലം -53, പാലക്കാട് -49, എറണാകളും -44, ആലപ്പുഴ -42, കണ്ണൂര്‍ -39, കാസര്‍കോട് -29, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ 26 പേര്‍, തൃശ്ശൂര്‍ – 21, മലപ്പുറം -19 കോട്ടയം -16.
കഴിഞ്ഞ 24 മണിക്കൂറില്‍ 18,937 സാംപിളുകള്‍ പരിശോധിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,73,932 പേരാണ്. ആശുപത്രികളില്‍ 6,841 പേരുണ്ട്. ഇന്ന് പുതുതായി 1,053 പേരെ ആശുപത്രിയിലാക്കി. 6413 പേര്‍ നിലവില്‍ കൊവിഡ് ചികിത്സ തേടുന്നു. ഇതുവരെ ആകെ 2,85,158 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍സ് സര്‍വ്വൈലന്‍സിന്റെ ഭാഗമായി 92,312 സാംപിളുകള്‍ ശേഖരിച്ചു. അതില്‍ 87,653 എണ്ണം നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 299 ആയി.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
സംസ്ഥാനത്തെ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിന്റെ രണ്ടാം പാദത്തിലെത്തിയെന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നു. മെയ് നാലിന് 499 രോഗികളും മൂന്ന് മരണങ്ങളുമാണ് കേരളത്തിലുണ്ടായിരുന്നത്. ലോക്ക് ഡൗണിന് മുന്‍പ് കേരളത്തിന് പുറത്ത് കൊവിഡ് വ്യാപനം ശക്തമായിരുന്നില്ല. അതിനാല്‍ കേരളത്തിലേക്ക് വന്നവരില്‍ രോഗവും കുറവായിരുന്നു. മാത്രമല്ല ബ്രേക്ക ദ് ചെയിന്‍ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇപ്പോള്‍ രോഗികളുടെ പതിനായിരം കടന്നു. എന്നാല്‍ മരണനിരക്ക് കുത്തനെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ് ഉറവിടമറിയാത്ത കേസുകളും കൂടി. നിരവധി ജില്ലകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു.
ലോകാരോഗ്യസംഘടന പറയുന്നത് നാല് തരത്തിലുള്ള ഘട്ടങ്ങളാണ് രോഗവ്യാപനത്തിനുള്ളത് എന്നാണ്. ഒന്ന് രോഗികളില്ലാത്ത അവസ്ഥ, രണ്ട് പുറത്തു നിന്നും ആളുകള്‍ വന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ, മൂന്ന് ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാകുന്ന അവസ്ഥ, മൂന്ന് വ്യാപകമായി സാമൂഹിക വ്യാപനം ഉണ്ടാകുന്ന അവസ്ഥ.
വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ക്ലസ്റ്ററുകളില്‍ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളില്‍ വിജയിച്ചിരുന്നു.
ഗുരുതര രോഗമുള്ളവരെ വെന്റിലേറ്റര്‍, ഐസിയു സൗകര്യത്തോട് കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാകേന്ദ്രമായ ഫസ്റ്റ് ലൈന്‍ ട്രീന്‍മെന്റ് സെന്ററുകളിലും പ്രവേശിപ്പിക്കണം. നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് തരം കൊവിഡ് ആശുപത്രികളുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും കൊവിഡ് ചികിത്സയ്ക്ക് അനുമതി നല്‍കി. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ അമ്പതിനായിരം കിടക്കകളോട് കൂടിയ കൊവിഡ് കെയര്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ശ്രമം തുടരുന്നു.
സംസ്ഥാനത്തെ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്ത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം അതിശക്തമായാല്‍ ഈ രീതി കേരളത്തിലും വേണ്ടി വരും. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ട്.
സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാല്‍ കൊവിഡ് നേരിടാം. അതിനായി ജീവന്റെ വിലയുള്ള ജാഗ്രത എന്ന പേരില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന്‍ ആരംഭിക്കുകയാണ്. കൊവിഡിനെതിരായ പോരാട്ടം മാസങ്ങള്‍ പിന്നിട്ടതിനാല്‍ പൊതുവില്‍ ക്ഷീണവും അവശതയും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ കൊവിഡിനെ നേരിടുമ്പോള്‍ നാം നിന്താത ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തില്‍ ആരും മാറി നില്‍ക്കരുത് എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുന്നു. ഇന്ന് 152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ ഉറവിടം വ്യക്തമല്ല. സാമൂഹിക വ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണവകുപ്പുകള്‍ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ ബോധവത്കരണം നടത്താന്‍ ആരോഗ്യപ്രവര്‍ത്തകരും സജ്ജരാണ്.
നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടല്‍ നടക്കുന്നു. തിരുവനന്തപുരം സ്റ്റാച്യു, അട്ടക്കുളങ്ങര, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളും ഉണ്ട് ഇതെല്ലാം ആശങ്ക സൃഷ്ടിക്കുന്നു. ഇന്നു മുതല്‍ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക് ഡൗണ്‍ നടപ്പാക്കും.