ബെംഗളൂരു: കൊവിഡ് വ്യാപനം (Covid Spread) രൂക്ഷമായതോടെ കർണാടകയിൽ (Karnataka) കർശന നിയന്ത്രണങ്ങൾ. സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ (Weekend Curfew) ഏർപ്പെടുത്തി. രാത്രി കർഫ്യൂ തുടരാനും തീരുമാനമായിട്ടുണ്ട്. ബെംഗളൂരുവിൽ സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച മുതൽ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതി.
10,11,12 ക്ലാസുകൾ ഒഴികെയാണ് ബെംഗളൂരുവിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തിയിൽ പരിശോധന കർശനമാക്കും. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും. കേരള അതിർത്തിയിൽ പരിശോധന കൂട്ടാനും തീരുമാനിച്ചു. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കർണാടകയിൽ ഒമിക്രോൺ ബാധിതരിൽ വൻ വർധനയാണ് ഉണ്ടായത്. 149 പേർക്കാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതർ 226 ആയി.
രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്നായിരുന്നു വിദഗ്ധ സമിതി ശുപാർശ.
രാജ്യത്ത് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത് കർണാടകയിലായിരുന്നു. പിന്നാലെ സംസ്ഥാനത്ത് കേസുകൾ കുതിച്ചുയർന്നു. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്നായിരുന്നു വിദഗ്ധ സമിതി ശുപാർശ . ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.