തിരുവനന്തപുരം: ഓണാഘോഷ തിരക്കുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു. സെപ്തംബര്‍ മാസം തുടക്കം ഉണ്ടായിരുന്നതിന്റെ ഇരട്ടി കേസുകളാണ് ഇപ്പോള്‍ ഉയര്‍ന്നത്. സെപ്തംബര്‍ ഒന്നിന് 1,238 കൊവിഡ് കേസുകള്‍ ഉണ്ടായിരുന്നിടത്ത് ഓണാഘോഷത്തിന് ശേഷം കൊവിഡ് കേസുകള്‍ കൂടാന്‍ തുടങ്ങി.
ഈ മാസം 10ാം തീയതി കൊവിഡ് കേസുകള്‍ 1,800 ആയി ഉയര്‍ന്നു. 13 ന് 2,549 കൊവിഡ് കേസുകളും 18 മരണവുമായി ഉയര്‍ന്നു. ഇപ്പോഴും കൊവിഡ് കേസുകള്‍ 1500 നും 2500 നും ഇടയിലാണ്. വരും ദിവസങ്ങളില്‍ രോഗബാധ ഉയരാനാണ് സാധ്യത.
കൊവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ അവസാനം അടുത്തതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം പറഞ്ഞു.
അതേസമയം, ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് (യുകെഎച്ച്എസ്എ) കണക്ക് പുറത്തുവിട്ടത്. പിന്നീട് ഇത് 9 ശതമാനമായി ഉയര്‍ന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്ക് അനുസരിച്ച്, യുഎസില്‍ ഉടനീളമുള്ള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണ്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്.