മുംബൈ: കൊവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം മുംബൈയില്‍ വര്‍ധിക്കുന്നു. പ്രതിദിന വര്‍ധനവില്‍ വന്‍ റെക്കോര്‍ഡാണ് നഗരത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച 102 കൊവിഡ് കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 10,59433 കേസുകളാണ് ഇതുവരെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 19562 മരണങ്ങളാണ് മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് കേസുകള്‍ മുംബൈയില്‍ ഇരട്ടിയായിരിക്കുകയാണ്. അതാണ് ബിഎംസിക്ക് വലിയ ആശങ്കയായി മാറിയിരിക്കുന്നത്.
ഞായറാഴ്ച്ച മുംബൈയില്‍ 45 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വര്‍ഷം ഫെബ്രുവരി 27ന് 103 കേസുകളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. അതിന് ശേഷം കൊവിഡ് കേസുകള്‍ രണ്ടക്ക നമ്പറിലേക്ക് താഴ്ന്നിരുന്നു. ഇതിനിടയില്‍ മാര്‍ച്ച് രണ്ടിന് മാത്രമാണ് നൂറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുള്ള വര്‍ധന ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.010 ശതമാനത്തിന് മുകളിലേക്കാണ് വര്‍ധിച്ചത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തില്‍ വലിയ തോതില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്.
തിങ്കളാഴ്ച്ച 0.014 ശതമാനത്തില്‍ നിന്ന്് 0.008 ശതമാനത്തിലേക്കാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. ബിഎംസിയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയില്‍ ഇപ്പോള്‍ 549 ആക്ടീവ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 57 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആക്ടീവ് കേസുകള്‍ ഉയര്‍ന്നത്. 24 മണിക്കൂറിനിടെ 7240 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. അതേസമയം 102 പുതിയ കേസുകളില്‍ 99 രോഗികളും യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവരാണ്. ബാക്കി മൂന്ന് പേര് മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. എന്നാല്‍ ആര്‍ക്കും ഓക്സിജന്‍ സേവനം ആവശ്യമായി വന്നില്ല.
രോഗലക്ഷണങ്ങള്‍ അത്ര ഗൗരവമായി ഇല്ലാത്തതിനാല്‍ മുംബൈയില്‍ തല്ക്കാലം ആശങ്കയ്ക്ക് വകയില്ല. മുംബൈയിലെ രോഗമുക്തി നിരക്ക് 98 ശതമാനമാണ്. ചികിത്സയ്ക്ക് ശേഷം 85 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10,39322 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നഗരത്തിലെ 26044 ആശുപത്രി കിടക്കകളില്‍ 19 എണ്ണം മാത്രമാണ് രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തിലെ ഒരു കെട്ടിടവും കൊവിഡിനെ തുടര്‍ന്ന് സീല്‍ ചെയ്തിട്ടില്ല. കണ്ടെയിന്മെന്റ് സോണുകള്‍ ദീര്‍ഘകാലമായി നഗരത്തില്‍ ഇല്ല. മൂന്നാം തരംഗത്തിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മുംബൈയിലായിരുന്നു. 20971 രോഗികളാണ് മുംബൈയില്റിപ്പോര്ട്ട് ചെയ്തത്. കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ലെന്നും എല്ലാവരോടും മാസ്കും സാമൂഹ്യ അകലം പാലിക്കാനും നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു.