മസ്‌ക്കറ്റ്: ഒമാനില്‍ കുടുംബാംഗങ്ങൾക്കിടയിൽ വൈറസ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിലും ആളുകൾ കൃത്യമായ മുൻകരുതലുകൾ ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചുമ, തുമ്മൽ, ശ്വാസ തടസ്സം തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഉടൻ തന്നെ കോവിഡ് ടെസ്റ്റുകൾക്ക് വിധേയരാകണം.
ഇവർ പരിശോധന ഫലം വരുന്നത് വരെ നിരീക്ഷണത്തിൽ പോകുകയും, മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നത് പൂർണമായും ഒഴിവാക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സെയ്‌ഫ് അൽ ഹൊസാനി അറിയിച്ചു. ഓരോ ദിവസവും ശരാശരി നാലായിരത്തിലധികം കോവിഡ് പരിശോധനകളാണ് സുൽത്താനേറ്റിൽ നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.