FeaturedHome-bannerKeralaNews

കൊവിഡ് പിടിവിട്ടു പായുന്നു,ഇന്ന് സ്ഥിരീകരിച്ചത് 39 കേസുകൾ

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 39 കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ഇത് രോഗബാധ സ്ഥിരീകരിച്ച വരുടെ എണ്ണം ഓണം 164 ആയി ഉയർന്നു.കാസർകോട് 34 കണ്ണൂർ 2,തൃശൂർ കോഴിക്കോട് കൊല്ലം 1 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്.കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ച തോടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും.സ്ഥിതി കൂടുതൽ ഗൗരവതരം.ഏതു സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനം ആരംഭിച്ചത്. സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

112 പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസര്‍കോടാണ്. ആ ജില്ലയില്‍ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായാലേ മതിയാവൂ

പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരുമായി സമ്പര്‍ക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗലക്ഷണങ്ങള്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയുകയും പിന്നീട് സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തില്‍ ഇടപെട്ട സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരേയും മൂന്നാര്‍ മുതല്‍ ഷൊളായാര്‍ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍. പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

കാസര്‍കോടുള്ള ജനങ്ങള്‍ ആശുപത്രികാര്യങ്ങള്‍ക്ക് കൂടുതലായി ആശ്രയിച്ചത് കര്‍ണാടകത്തെയാണ്. കര്‍ണാടക സംസ്ഥാനത്തെ മംഗലാപുരം നഗരം കാസര്‍കോട് പട്ടണത്തില്‍ ഉള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാം. ഡയാലിസസ് അടക്കം പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും അവിടേക്ക് ആള്‍ക്കാള്‍ നിത്യേന പോകാറുണ്ടായിരുന്നു. കാസര്‍കോട് ജില്ലക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ കണ്ണൂരിന് ശേഷിയുമില്ല. രോഗികള്‍ക്ക് പോലും അങ്ങോട്ട് പോകാന്‍ പറ്റാത്ത നിലപാട് കര്‍ണാടക സ്വീകരിക്കുന്നുണ്ട്. എങ്ങനെ അതിനു പരിഹാരം കാണണമെന്നും ഇവിടേയും ആലോചിക്കാം കര്‍ണാടക സര്‍ക്കാരിനോടും ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളവും കര്‍ണാടകവും അതിര്‍ത്തി പങ്കിടുന്ന പലയിടത്തും കര്‍ണാടക മണ്ണ് കൊണ്ടു പോയിട്ട് റോഡ് തടയുന്ന അവസ്ഥയുണ്ട്. അതു ശരിയല്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങള്‍ എവിടെയുണ്ടോ അവിടെ തുടരട്ടെ എന്ന നിലപാടാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അതിനെതിരെയുള്ള നടപടിയാണ് കര്‍ണാടകയുടേത്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. മണ്ണ് മാറ്റാം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ കുടക്ക് അടക്കമുള്ള മേഖലകളില്‍ മണ്ണ് പൂര്‍ണമായും ഇട്ടുറോഡ് മൊത്തത്തില്‍ ബ്ലോക്ക് ചെയ്തു. ആ സമീപനം ഒഴിവാക്കാം എന്ന് ഇപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതെന്തായാലും സ്വാഗതാര്‍ഹമാണ്. ഇക്കാര്യം എന്തായാലും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കും.

രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ അടിയന്തര നടപടി ആവശ്യമാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജിലെ കെട്ടിട്ടം ഉടനെ കൊവിഡ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റും. വിദേശരാജ്യങ്ങളില്‍ നിന്നും മുബൈ, ദില്ലിയടക്കമുള്ള വിവിധ നഗരങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ ഉടനെ അധികൃതരെ അറിയിക്കണം.

വിദേശത്തുനിന്നും വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം. പ്രായമായവര്‍ മറ്റുള്ളവരുമായി നിശ്ചിത അകലം പാലിച്ച് സമ്പര്‍ക്കം പുലര്‍ത്തണം. പുറത്തു പോകാതെ പ്രായമായവര്‍ വീട്ടില്‍ തന്നെ ഇരിക്കുന്നതാവും നല്ലത്. പ്രമേഹം, അര്‍ബുദം, വൃക്കരോഗം എന്നിവയ്ക്ക് ചികിത്സിക്കുന്നവരും തുടര്‍ചികിത്സ ആവശ്യമുള്ളവവരും മറ്റുള്ളവരുമായി കൃത്യമായി അകലം പാലിക്കണം.

രോഗം ഗുരുതരമായവരെ ചികിത്സിക്കാനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കും. ഇവിടെ 200 കിടക്കുകളും 40 ഐസിയും കിടക്കകളും 15 വെന്റിലേറ്ററുകളുമുണ്ട്. കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയെ കൊവിഡിന്റെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ്. ഐസിഎംആറിന്റെ അനുമതി കൂടി ലഭിച്ചാല്‍ അവിടെ വിപലുമായ രീതിയില്‍ പരിശോധന നടത്താം. കാസര്‍കോട്ട് മെഡിക്കല്‍ കോളേജും ഉടനെ കൊവിഡ് ആശുപത്രിയാക്കി മാറ്റും.

ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായി. ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. നമ്മുടെ പരിശോധന സംവിധാനങ്ങളും ഇനി വിപുലീകരണം വേണം. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നത് ജില്ലാ ആശുപത്രികളില്‍ നിന്നാണ്. ഇനി മുതല്‍ താലൂക്കാശുപത്രിയിലും മരുന്ന് നല്‍കും.

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ തടയുന്നതില്‍ പൊലീസ് നടപടി ശരിയായ രീതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. പക്ഷേ പൊലീസ് പരിശോധനയ്ക്ക് എതിരെ പല കോണുകളില്‍ നിന്നും പരാതി ഉയരുന്നുണ്ട്. സമൂഹത്തിന്റെ പൊതുനന്മയ്ക്ക് വേണ്ടിയാണ് ഈ നിയന്ത്രണം. അടിയന്തര ആവശ്യത്തിനായി സ്വയം സാക്ഷ്യപത്രവുമായി ഒരാള്‍ വരുമ്പോള്‍ അതു പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാവുകയും അവരെ യാത്ര തുടരാന്‍ അനുവദിക്കുകയും വേണം. എന്നാല്‍ കബളിപ്പിച്ച് കറങ്ങാനാണ് വന്നയാളുടെ ശ്രമമെങ്കില്‍ കര്‍ശന നടപടി എടുക്കുകയും വേണം.

കടുത്ത വേനലിലാണ് പൊലീസ് ലോക്ക് ഡൗണ്‍ നിരീക്ഷണം നടത്തുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുദ്യോസ്ഥര്‍ക്ക് കുടിവെള്ളം കിട്ടുന്നു എന്നു ഉറപ്പാക്കണം. സാമ്പത്തികരംഗത്തേക്ക് ചില നടപടികളും നിര്‍ദേശങ്ങളും നേരത്തെ നല്‍കിയിരുന്നു. ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഈ ഘട്ടത്തിലും പണം പിരിക്കാന്‍ ശ്രമം നടത്തുന്നത് തടയണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പണയവസ്തുവിന്റെ ലേലവും കുടിശ്ശിക നോട്ടീസ് അയക്കലും നിര്‍ത്തിവയ്ക്കണം. ഇതോടൊപ്പം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് ആവശ്യപ്പെടുന്നതും നിര്‍ത്തി വയ്ക്കണം.

നിരാലാംബരായി തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഏര്‍പ്പെടുത്താനുള്ള തീരുമാനം അഞ്ച് നഗരസഭകളും 26 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇവരെയെല്ലാം പാര്‍പ്പിക്കാന്‍ പറ്റിയ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടെ ഇവരെ പാര്‍പ്പിച്ചാല്‍ ഭക്ഷണം നല്‍കാനും സൗകര്യപ്പെടും. അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്താകെ നാലായിരത്തോളം ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 1.44 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ ക്യാംപുകളിലുണ്ട്. ആശ്രയമില്ലാത്തവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏറ്റെടുക്കും. എന്നാല്‍ ഇപ്പോഴും പലയിടത്തും അതിഥി തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന അവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാരും തൊഴില്‍ വകുപ്പും ഫലപ്രദമായി ഇടപെടണം. അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഷയില്‍ തന്നെ അവര്‍ക്കുള്ള കൊവിഡ് മുന്നറിയിപ്പുകള്‍ നല്‍കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button