KeralaNews

‘ജെഎൻ.1 കോവിഡ് ഉപവകഭേദം ’ കേരളത്തിൽ; ഏതാനും ആഴ്ചകളായി കോവിഡ് കേസ് കൂടുന്നെന്ന് കേന്ദ്രം

ന്യൂഡൽഹി: യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതിനു പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി.

79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ ജനിതക പരിശോധനയുടെ ഫലം 13നാണ് ലഭ്യമായത്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പുതിയ സാഹചര്യത്തിൽ കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനിമയം നടത്തി. വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്താനാണ് നി‍ർദേശം.

അതേസമയം, പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഐസിഎംആർ വ്യക്തമാക്കി.

ഐസിഎംആറിനു കീഴിലെ ലാബുകളുടെ കൺസോർഷ്യമായ ‘ഇൻസകോഗ്’ കോവിഡ് പോസിറ്റീവ് സാംപിളുകളി‍ൽ നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ജെഎൻ.1 സ്ഥിരീകരിച്ചത്. ആശുപത്രികളുടെ തയാറെടുപ്പും മറ്റും പരിശോധിക്കുന്നതിനുള്ള മോക്ക് ഡ്രിൽ കേരളത്തിൽ നടക്കുന്നുണ്ടെന്നും ഇത് 18നു പൂർത്തിയാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തിലേത് ആദ്യത്തെ കേസാണെന്നു പറയുമ്പോഴും സിംഗപ്പുരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തേ ജെഎൻ.1 കണ്ടെത്തിയെന്നു റിപ്പോർട്ടുകളുണ്ട്.

കേരളത്തിൽ കോവിഡ് പോസിറ്റീവായ 1324 പേർ ഇപ്പോഴുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 – 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button