തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോ വൈറസ് വ്യാപനം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വൈറസ് വ്യാപനം കൂടുമ്പോള്‍ മരണ നിരക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആളുകള്‍ പുറത്തിറങ്ങിയതോടെ രോഗ വ്യാപന സാദ്ധ്യത വര്‍ദ്ധിച്ചു.രോഗവ്യാപനം കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ഊര്‍ജിതമാക്കിയതായും കെ.കെ.ശൈലജ പറഞ്ഞു.
മഹാമാരിക്ക് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രോഗവ്യാപനവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.ഇക്കാരണത്താല്‍ കേരളം ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടെ കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.