24.6 C
Kottayam
Sunday, May 19, 2024

കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും കേരളം പിടിച്ച് നില്‍ക്കും; വിദഗ്ധരുടെ വിലയിരുത്തല്‍

Must read

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം നിയന്ത്രിക്കാനായാല്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനാകുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഐ.എം.എ അടക്കമുള്ള സംഘടനകളിലെ ഡോക്ടര്‍മാരാണ് ഈ അഭിപ്രായ പ്രകടനം നടത്തുന്നത്. ആശുപത്രികള്‍ക്ക് താങ്ങാനാകാത്ത വിധം രോഗികള്‍ എത്തുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 30 ശതമാനം പേരില്‍ പകുതിയോളവും പ്രായാധിക്യമുളളവരായിരുന്നു. ഇവരാണ് ഗുരുതരാവസ്ഥയിലായത്. ഒന്നര ലക്ഷത്തോളം പേരെ ചികിത്സിക്കാന്‍ സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണ്. വെന്റിലേറ്റര്‍ സൗകര്യമുളള അയ്യായിരത്തോളം ഐ.സി.യു കിടക്കകളുമുണ്ട്. രോഗികള്‍ കൂടിയാലും ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതാണ് പ്രധാനം.

എത്രപേര്‍ക്ക് രോഗം ഉണ്ടാകുന്നു എന്നതിനേക്കാള്‍ ആര്‍ക്ക് രോഗം ഉണ്ടാകുന്നു എന്നതാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ചവരില്‍ 99 ശതമാനവും രോഗമുക്തി നേടിയതാണ് കേരളത്തിന്റെ നേട്ടം. രോഗബാധിതരുടെ പ്രായമാണ് ഇതില്‍ ഏറ്റവും അനുകൂലഘടകമായത്. ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകിരിച്ചവരില്‍ 70 ശതമാനമായിരുന്നു പ്രവാസികള്‍. ഇവരില്‍ 98 ശതമാനവും 60 വയസിന് താഴെയുളളവരാണ്. ഇവരില്‍ രണ്ട് ശതമാനം ആളുകള്‍ മാത്രമേ ഗുരുതരാവസ്ഥയിലായുളളൂ.

അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിന്റെ ആശങ്കയിലാണ് ഭരണകൂടം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. കൊവിഡ്-19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ ധര്‍മടം സ്വദേശിയായ ആസിയ(62) ഇന്നലെയാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കേരളത്തിലെ ആറാമത്തെ മരണമാണിത്. ഇവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്തുണ്ടായ മൂന്നാമത്തെ മരണമാണിത്.

തിങ്കളാഴ്ച വയനാട് സ്വദേശിയായ കൊവിഡ് ബാധിത സംസ്ഥാനത്ത് മരിച്ചിരുന്നു. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാന്‍സര്‍ രോഗബാധിതയായിരുന്ന സ്ത്രീയായിരുന്നു മരിച്ചത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈമാസം 21ന് തൃശൂരില്‍ എഴുപത്തിമൂന്നുകാരിയായ കൊവിഡ് ബാധിതയും മരിച്ചിരുന്നു, മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയായിരുന്നു മരിച്ചത്. മുംബൈയില്‍നിന്ന് റോഡ് മാര്‍ഗമാണ് ഇവര്‍ നാട്ടിലെത്തിയത്.ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ കാസര്‍ഗോഡ് ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 14 പേര്‍ക്ക്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 43 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നും എത്തിയ 18 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week