തിരുവനന്തപുരം: കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മദ്യത്തെ കൂട്ടുപിടിച്ച് വ്യാജപ്രചരണം നടത്തിയ വ്ളോഗര്‍ പോലീസ് പിടിയില്‍. മാധ്യമപ്രവര്‍ത്തകനും വ്ളോഗറുമായ തിരുവനന്തപുരം സ്വദേശി മുകേഷ് എം നായരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
ടിക് ടോക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു ഇയാളുടെ വ്യാജപ്രചാരണം. മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊവിഡ് വൈറസിനെ പേടിക്കേണ്ടെന്നാണ് ഇയാള്‍ വ്യാജ പ്രചരണം നടത്തിയത്. കോവിഡ് വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മദ്യപാനം നല്ലതാണെന്ന തരത്തിലായിരുന്നു വീഡിയോ. കൊറോണ പടര്‍ന്നുപിടിക്കുന്ന കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള പൊടിക്കൈ ആണിതെന്നും അവകാശവാദമുണ്ടായിരുന്നു.
മദ്യത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പറയുന്നതും മദ്യപിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.