KeralaNews

മൂന്നുവട്ടം നെഗറ്റീവായി ആശുപത്രി വിട്ടയാള്‍ക്ക്‌ പരിശോധനയില്‍ വീണ്ടും കോവിഡ്

ജോധ്‌പുര്‍ (രാജസ്‌ഥാന്‍): ചികിത്സക്കുശേഷം കോവിഡ്‌ നെഗറ്റീവായി ആശുപത്രി വിട്ടയാള്‍ക്ക്‌ പരിശോധനയില്‍ വീണ്ടും കോവിഡ്‌ പോസിറ്റീവ്‌. ജോധ്‌പൂരിലെ ഇന്‍ഫെക്‌ഷ്യസ്‌ ഡിസീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടി (ഐ.ഡി.ഐ)ല്‍ ചികിത്സയ്‌ക്കു വിധേയനായ 61 വയസുകാരനാണ്‌ വീണ്ടും കോവിഡ്‌ പോസിറ്റീവായത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നപ്പോള്‍ 11 തവണ ഇദ്ദേഹത്തിന്റെ സ്രവപരിശോധന നടത്തിയിരുന്നെന്നും ഇതില്‍ അവസാന മൂന്നുതവണ നടത്തിയ ടെസ്‌റ്റില്‍ നെഗറ്റീവ്‌ ആയതിനാലാണ്‌ ഇദ്ദേഹത്തെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തതെന്നു മെഡിക്കല്‍ വിഭാഗം പറഞ്ഞു.

തുര്‍ക്കി സന്ദര്‍ശിച്ചു മടങ്ങിയ ഇദ്ദേഹത്തിനും ഭാര്യയ്‌ക്കും മരുമകനും മാര്‍ച്ച്‌ 22 നാണ്‌ കോവിഡ്‌ ബാധ സ്‌ഥിരീകരിച്ചത്‌. ഐ.ഡി.ഐ. ചികിത്സയ്‌ക്കൊടുവില്‍ മൂന്നു തവണ ഫലം നെഗറ്റീവ്‌ ആയതിനു പിന്നാലെ കഴിഞ്ഞ മാസം 28 ന്‌ ഇദ്ദേഹത്തെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു.എന്നാല്‍, ആശുപത്രിവിട്ട്‌ 10 ദിവസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിനു വീണ്ടും കോവിഡ്‌ പോസിറ്റീവാകുകയായിരുന്നു. അതേസമയം പലർക്കും രോഗലക്ഷണങ്ങളില്ലാത്തതും ആശങ്കക്ക് വഴിവെക്കുന്നു.

ഡല്‍ഹിയില്‍ കോവിഡ്‌ സ്‌ഥിരീകരിച്ചവരില്‍ ഭൂരിഭാഗംപേര്‍ക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. 75% കേസുകളിലും രോഗലക്ഷണങ്ങില്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരുമാണെന്നത്‌ ആശങ്ക ഉയര്‍ത്തുന്നെന്നുമാണ് റിപ്പോർട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button