FeaturedNews

കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമോ? തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകും. ഇതിനായി ടെക്നിക്കല്‍ അഡൈ്വസറി യോഗം ഇന്ന് ചേരും.അഞ്ചാം തവണയാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്.

കഴിഞ്ഞ മാസം 26ന് ചേര്‍ന്ന യോഗത്തില്‍ വാക്സിന്‍ പ്രതിരോധശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.വാക്സിന്റെ സാങ്കേതിക വിവരങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നല്‍കു എന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.

കോവാക്സിന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ ഉണ്ടാകില്ല. ഓസ്ട്രേലിയയില്‍ ഉപരിപഠനം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും ഈ നീക്കം ഗുണം ചെയ്യും.

ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിനൊപ്പം, ചൈനയുടെ സിനോഫാം നിര്‍മിച്ച ബിബിഐബിപികോര്‍വിക്കും ഓസ്ട്രേലിയ അംഗീകാരം നല്‍കി. ഈ വാക്സിന്‍ സ്വീകരിച്ചവര്‍ ഓസ്ട്രേലിയിലെത്തി കൊവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേല്‍ക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ (ടിജിഎ) അഭിപ്രായപ്പെട്ടു.

നേരത്തെ ഓസ്ട്രേലിയയില്‍ അനുമതി ലഭിച്ച വാക്സിനുകള്‍, ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഷീല്‍ഡ്, ചൈനയുടെ സിനോവാക് എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരമുണ്ടായിരുന്നത്. വാക്സിന്‍ എടുക്കാത്ത യാത്രക്കാര്‍ക്ക് ക്വാറന്റീനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button