ഭാരത് ബയോടെക് നിർമ്മിച്ച കോവാക്‌സിൻ സുരക്ഷിതമെന്ന് ലാന്‍സെറ്റ്‍ പഠന റിപ്പോർട്ട്
ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരായ ആന്‍റിബോഡി പ്രതികരണങ്ങളെ നിര്‍വ്വീര്യമാക്കുന്നതില്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ലാന്‍സെറ്റ് ലേഖനത്തില്‍ സൂചിപ്പിക്കുന്നു . ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ആധികാരികതയുള്ളതും അറിയപ്പെടുന്നതുമായ മെഡിക്കല്‍ ജേണലാണ് ലാന്‍സെറ്റ്.
വാക്‌സിന്‍റെ പ്രതിരോധപ്രതികരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ കോവാക്‌സിനില്‍ ഭാരത് ബയോടെക് ഉപയോഗിക്കുന്നത് അല്‍ജെല്‍-ഐഎംഡിജി ആണ്. ഭാരത് ബയോടെക് ഒന്നാംഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും പഠനങ്ങളുടെ വിവരങ്ങള്‍ ലാന്‍സെറ്റിന് സമര്‍പ്പിച്ചിരുന്നു. ടി-സെല്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഫലപ്രദമാണ് കോവാക്‌സിനെന്നും പറയുന്നു.
രക്തത്തിലെ പ്രോട്ടീനായ ആന്‍റിബോഡികളാണ് മനുഷ്യകോശങ്ങളെ വൈറസ് ബാധിക്കുന്നതില്‍നിന്നും ചെറുക്കുന്നത്. രോഗബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ശരീരത്തിലെ രണ്ടാം പാളിയാണ് ടി-സെല്ലുകള്‍. 14ദിവസങ്ങള്‍ ഇടവിട്ട് രണ്ട് ഡോസ് വാക്‌സിനും പ്ലാസിബോയും ഒന്നാംഘട്ട ട്രയലില്‍ നല്‍കിയിരുന്നു. ആദ്യ ഡോസ് നല്‍കി 42 ദിവസം കഴിഞ്ഞാണ് ഇടക്കാല വിശകലനം നടത്തിയത്.
പിന്നീട് ഡോസിന്‍റെ രീതി രണ്ട് കുത്തിവെപ്പുകള്‍ക്കിടയില്‍ 28 ദിവസം ഇടവിട്ടാക്കി. പങ്കെടുത്തവരില്‍ ഒരാളില്‍ മാത്രമാണ് ചെറിയ ഒരു പ്രശ്‌നം ആദ്യ കുത്തിവെപ്പ് നടത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമുണ്ടായത്. എന്നാല്‍ അത് വാക്‌സിനുമായി നേരിയ തോതില്‍ പോലും ബന്ധപ്പെട്ടതല്ലെന്ന് പിന്നീട് മനസ്സിലായതായും ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാമത്തെ ഡോസ് നല്‍കിയ ശേഷം പങ്കെടുത്തവരില്‍ 82-92 ശതമാനം പേരിലും കൊറോണവൈറസിനെതിരെ ഫലപ്രദമായി ആന്‍റിബോഡികള്‍ രൂപപ്പെട്ടതായി കണ്ടു.
രണ്ടാംഘട്ട ട്രയല്‍ പഠനങ്ങളിലും ആന്‍റിബോഡികള്‍ വഴിയും ടി-സെല്ലുകള്‍ വഴിയും കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സ്വദേശീയമായി ഉല്‍പാദിപ്പിച്ച കോവാക്‌സിന് കഴിവുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്.