പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെന്നുന്ന ചിത്രം ‘കടുവ’യുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി. നിര്‍മ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ പരാതിയൂടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതിയുടെ നടപടി .
2018 ല്‍ തനിക്ക് 10 ലക്ഷം രൂപയ്ക്ക് നല്‍കിയ കടുവാകുന്നേല്‍ കുറുവച്ചന്റെ തിരക്കഥയാണ് ഇപ്പോള്‍ കടുവ എന്ന പേരിൽ സിനിമയാക്കുന്നതെന്ന പരാതിയുമായി ആണ് അനുരാഗ് കോടതിയെ സമീപിച്ചത്.
തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പണം നൽകി കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥയാണ് പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെ കരാര്‍ ലംഘിച്ച് നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് നല്‍കിയതെന്നും അനുരാഗിന്റെ പരാതിയില്‍ പറയുന്നു. തന്റെ അറിവില്ലാതെയാണ് ഇതേ തിരക്കഥയില്‍ പൃഥിരാജിന്റെ പ്രൊഡക്ഷന്‍ കമ്പിനിയും മാജിക് ഫ്രെയിംസും ചേര്‍ന്ന് ഇപ്പോള്‍ സിനിമ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
തനിക്ക് അവകാശപ്പെട്ട കഥയുടെ ഷൂട്ടിങ് നിര്‍ത്തിവെക്കണമെന്നും, തിരക്കഥ വാങ്ങിയപ്പോള്‍ നല്‍കിയ തുകയും അത് കൂടാതെ തനിക്കുണ്ടായ നഷ്ടപരിഹാരവും നല്‍കണമെന്നും അനുരാഗ് അന്യായത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന പേരില്‍ സുരേഷ് ഗോപിയുടേതായും സിനിമ വരുന്നുണ്ട്. ഈ സിനിമയും നിയമക്കുരുക്കില്‍ പെട്ടിരുന്നു. അതേ സമയം ‘കടുവ’യുടെ ചിത്രീകരണം കോടതി തടഞ്ഞതിനാല്‍ സുരേഷ് ഗോപിയുടെ ഒറ്റകൊമ്പൻ ആദ്യം ഷൂട്ട് ചെയ്ത് തിയറ്ററുകളില്‍ എത്താനാണു സാധ്യത എന്നാണ് ലഭ്യമായ വിവരം.