ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ നിയമവിരുദ്ധമെന്ന കോടതി വിധിയ്ക്ക് അപ്പീല്‍ കോടതിയില്‍ നിന്നും ആശ്വാസം; അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്‍കി

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കിയ അധികത്തീരുവ കേസിലെ കോടതിയുത്തരവ് അപ്പീല്‍കോടതി മരവിപ്പിച്ചു. വിദേശരാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തി ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട വിവാദത്തിലാണ് ട്രംപിന് കാര്യങ്ങള്‍ താല്‍കാലികമായി അനുകൂലമാകുന്നത്. ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്‍കി.

രാജ്യങ്ങള്‍ക്കു ചുമത്തിയ അധികത്തീരുവകള്‍ പത്തുദിവസത്തിനകം റദ്ദാക്കണമെന്ന് മാന്‍ഹട്ടണിലെ അന്താരാഷ്ട്ര വ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റെ ഉത്തരവാണ് ഒരുദിവസത്തിനകം അപ്പീല്‍കോടതി മരവിപ്പിച്ചത്. ടംപ് നിയമപരമായ അധികാരപരിധി മറികടന്നെന്നു കാണിച്ചായിരുന്നു കീഴ് കോടതിവിധി.

ഏകപക്ഷീയമായി വിദേശരാജ്യങ്ങള്‍ക്ക് തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും യുഎസ് കോണ്‍ഗ്രസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതാണ് അപ്പീല്‍ കോടതി മരവിപ്പിക്കുന്നത്. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്നു കാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയത്. ഇത് കോടതി അംഗീകരിച്ചു. ഫലത്തില്‍ ട്രംപിന് ആശ്വാസമായി മാറി.

ഫെഡറല്‍ കോടതിയുടെ മുന്‍ വിധിപ്രകാരം ഏപ്രില്‍ രണ്ടിന് എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച 10 ശതമാനം അടിസ്ഥാന തീരുവ, അതിനുമുന്‍പ് ചൈനയില്‍നിന്നുള്ള ചരക്കുകള്‍ക്ക് പ്രഖ്യാപിച്ച 30 ശതമാനം ഇറക്കുമതിത്തീരുവ, കാനഡയില്‍നിന്നും മെക്‌സിക്കോയില്‍നിന്നുമുള്ള ചില ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ എന്നിവ ഇല്ലാതാക്കുന്നതായിരുന്നു കീഴ് കോടതി വിധി.

വീഞ്ഞ് ഇറക്കുമതിചെയ്യുന്ന വിഒഎസ് സെലക്ഷനുള്‍പ്പെടെയുള്ള ചെറുകിടകമ്പനികള്‍ക്കുവേണ്ടി ‘ലിബര്‍ട്ടി ജസ്റ്റിസ് സെന്റര്‍’ നല്‍കിയ കേസിലായിരുന്നു വിധി.

ട്രംപ് പ്രഖ്യാപിച്ച പകരംതീരുവ നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് അത് അസാധുവാക്കുകയും ഭേദഗതി വരുത്താനും ട്രംപിന് അവകാശമില്ലെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു . ഉത്തരവ് നടപ്പാക്കാനായി 10 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. ഇതിനെതിരെ ട്രംപ് ഭരണകൂടം സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദ് ഫെഡറല്‍ സര്‍ക്യൂട്ടാണ് തല്‍കാലത്തേക്ക് കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ ഉടന്‍ സമീപിക്കുമെന്നും അതുവരെ ഉത്തരവ് മരവിപ്പിക്കണമെന്നുമുള്ള ട്രംപിന്റെ അപേക്ഷ പരിഗണിച്ചാണ് താല്‍കാലിക സ്റ്റേ.

പകരച്ചുങ്കം റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചാലും (അതായത് കേസ് ട്രംപ് തോറ്റാലും) ചുങ്കം ഈടാക്കുന്നത് തുടരാന്‍ വേറെ മാര്‍ഗങ്ങള്‍ ആലോചനയിലുണ്ടെന്ന് ട്രംപ് ഭരണകൂട വക്താക്കള്‍ വ്യക്തമാക്കി. യുഎസിലെ ചില സംസ്ഥാന ഗവണ്‍മെന്റുകളും ഒരുവിഭാഗം ചെറുകിട ബിസിനസുകാരുമാണ് ട്രംപിന്റെ പകരച്ചുങ്കം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജൂണ്‍ 9നകം യുഎസ് ഗവണ്‍മെന്റ് സുപ്രീംകോടതിയെ സമീപിച്ചേക്കും.

അതേസമയം, കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത അപ്പീല്‍ കോടതിയുടെ നടപടി താല്‍കാലികമാണെന്നും ഗവണ്‍മെന്റ് അപേക്ഷിക്കുമ്പോള്‍ അപ്പീല്‍ കോടതി ഇങ്ങനെ ചെയ്യുന്നത് നടപടിക്രമമാണെന്നും ചെറുകിട ബിസിനസുകളുടെ അഭിഭാഷകര്‍ പ്രതികരിച്ചു. സുപ്രീംകോടതിയിലും ട്രംപിനെ കാത്തിരിക്കുന്നത് തോല്‍വിയായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പകരച്ചുങ്കം നിര്‍ത്തലാക്കിയ കീഴ്‌ക്കോടതിക്കെതിരെ ട്രംപ് ഭരണകൂടം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റേത് ‘ജുഡിഷ്യല്‍ അട്ടിമറി’യാണെന്നും ലോക രാജ്യങ്ങള്‍ക്കിടയില്‍ യുഎസിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് ജഡ്ജിമാര്‍ ശ്രമിച്ചതെന്നും ഇത്തരം നിയമ സ്വേച്ഛാധിപത്യത്തിന് സുപ്രീംകോടതി തടയിടണമെന്നും വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News