31.1 C
Kottayam
Saturday, May 4, 2024

ആർ.എൽ.വി. രാമകൃഷ്ണനെതിരേ ജാത്യധിക്ഷേപം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Must read

തിരുവനന്തപുരം: നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സത്യഭാമയുടെ അഭിമുഖം സംപ്രേഷണംചെയ്ത യൂട്യൂബ് ചാനൽ ഉടമയും കേസിൽ രണ്ടാം പ്രതിയുമായ സുമേഷിന് ജാമ്യമനുവദിക്കാനും കോടതി ഉത്തരവിട്ടു. നെടുമങ്ങാട് പട്ടികജാതി-പട്ടികവർഗ സ്പെഷ്യൽ കോടതിയുടേതാണ് നടപടി.

ജാത്യധിക്ഷേപം നിഷേധിച്ചുകൊണ്ടായിരുന്നു സത്യഭാമയുടെ വാദം. എന്നാൽ, പട്ടികവിഭാഗത്തിൽനിന്നുള്ള ഒരാളെന്ന മുൻകൂർ അറിവോടെതന്നെ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നതു ശിക്ഷാർഹമാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.ഗീനാകുമാരി വാദിച്ചു. ആർ.എൽ.വി. രാമകൃഷ്ണന്റെ മറ്റൊരു പരാതിയിൽ മുൻപ്‌ സത്യഭാമ നിയമപരമായി ഹാജരായിട്ടുണ്ട്. അതിനാൽ, പട്ടികവിഭാഗക്കാരനെന്നു മുൻകൂർ വിവരമില്ല എന്ന വാദത്തിൽ കഴമ്പില്ല. ആളുകൾക്കു മനസ്സിലാവുന്ന തരത്തിലുള്ള വിശേഷണങ്ങളോടെയാണ് സത്യഭാമ യൂട്യൂബ് ചാനലിൽ ആർ.എൽ.വി. രാമകൃഷ്ണനെക്കുറിച്ച് ദുരുദ്ദേശ്യത്തോടെയുള്ള പരാമർശങ്ങൾ നടത്തിയതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ആർ.എൽ.വി. രാമകൃഷ്ണനുവേണ്ടി അഡ്വ. സി.കെ.രാധാകൃഷ്ണനും കോടതിയിൽ ഹാജരായി. കോടതിനടപടികൾക്കു വിധേയമായി തുടർന്നുള്ള ശിക്ഷാവിധി തീരുമാനിക്കും. എന്നാൽ, മുൻകൂർ ജാമ്യത്തിനായി അവർക്ക് മേൽക്കോടതിയെ സമീപിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week