കോഴിക്കോട്: ഓര്‍ക്കാട്ടേരി സ്വദേശി ഷബ്‌ന ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്‍ഡിലുള്ള ഭര്‍തൃമാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. അതേസമയം, ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി.
ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷബ്‌നയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്.
കേസില്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായത്. ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഹനീഫ ഷബ്‌നയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
ഷബ്‌നയുടെ ആത്മഹത്യയിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി നിര്‍ദേശിച്ചിരുന്നു.വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷബ്‌നയുടെ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്‌നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കൾക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നും സതീദേവി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഭർത്താവിനെയുൾപ്പെടെ കേസിൽ പ്രതിചേർത്തത്.