പൂച്ചെണ്ടിന് പകരം തോക്ക്! വിവാഹ വേദിയില്‍ തോക്കേന്തി നില്‍ക്കുന്ന നവദമ്പതികളുടെ ചിത്രങ്ങള്‍ വൈറലാകുന്നു
ദിമാപുര്‍: പൂച്ചെണ്ടിന് പകരം വിവാഹ വേദിയില്‍ തോക്കേന്തി നില്‍ക്കുന്ന നവദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാഗാലാന്‍ഡിലെ ദിമാപൂരില്‍ നിന്നാണ് വ്യത്യസ്ത ഫോട്ടോ പുറത്ത് വന്നിരിക്കുന്നത്. നാഗാലാന്‍ഡ് കൊമേഴ്‌സ്യല്‍ ഹബില്‍ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങില്‍ വിമതനേതാവായ ബൊഹോതോ കിബയുടെ മകനും വധുവുമാണ് തോക്കേന്തി ചിത്രമെടുത്തത്. എകെ 56, എം16 തോക്കുകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍.
നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് യൂണിഫിക്കേഷന്‍ (എന്‍എസ് സി എന്‍-യു) ആഭ്യന്തര മന്ത്രിയാണു ബൊഹോതോ കിബ. സംഘടന നേതാക്കള്‍ക്കു ചാര്‍ത്തി നല്‍കിയിട്ടുള്ള പദവികള്‍ ”സ്വയം പ്രഖ്യാപിതം’ എന്നു വിശേഷിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും കിബ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഈ സംഘടന ഇപ്പോള്‍ കേന്ദ്രവുമായി സമാധാന ചര്‍ച്ചകള്‍ നടത്തിവരികയാണ്. അതേസമയം അയുധങ്ങള്‍ കൈവശം വച്ചതിന് വധുവരന്മാരെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.