പുതിയ ജീവിതം സ്വപ്നം കണ്ട് ഇന്ത്യയിലേക്ക് അതിർത്തി കടന്നു; മരുഭൂമിഭൂമിയിലെ യാത്രയ്ക്കിടെ വഴിതെറ്റി; ഒടുവിൽ വെള്ളം കിട്ടാതെ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ജയ്സാൽമീർ: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും വളരെ വേദനിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതിയ ജീവിതം സ്വപ്നം കണ്ട് ഇന്ത്യയിലേക്ക് അതിർത്തി കടന്ന ദമ്പതികളാണ് ദുരന്തത്തിൽ പെട്ടത്. ഇന്ത്യ ലക്ഷ്യമാക്കി മരുഭൂമിയിലൂടെ നടക്കവേ വഴിതെറ്റി. ഒടുവിൽ വെള്ളം കിട്ടാതെ ദാരുണമായി ആ ദമ്പതികൾ മരിച്ചു. രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപമാണ് നാടിനെ ഏറെ വേദനിപ്പിച്ച സംഭവം നടന്നത്.

ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്താൻ ശ്രമിച്ച പാക്കിസ്ഥാൻ ദമ്പതികളായ രവി കുമാർ (17), ശാന്തി ബായി (15) എന്നിവരുടേതാണ് മൃതദേഹമെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ദാഹവും നിർജ്ജലീകരണവും കാരണമാണ് ഇവർ മരിച്ചതെന്ന് സംശയിക്കുന്നതായി ജയ്സാൽമീർ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപൂർ മതേലോയിൽ നാല് മാസം മുമ്പ് ഇരുവരും വിവാഹിതരായി. ഇന്ത്യയിൽ സുരക്ഷിതമായ ജീവിതത്തിനായി ഇരുവരും ആഗ്രഹിച്ചിരുന്നു. ഇന്ത്യയിലേക്ക് വരാനായി വിസക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ അപേക്ഷകൾ നിരസിക്കപ്പെട്ടു. തുടർന്നാണ് ഇരുവരും അനധികൃതമായി അതിർത്തി കടക്കാൻ തീരുമാനം എടുത്തത്.

ഇവർ കുടുംബത്തിന്റെ എതിർപ്പ് അവ​ഗണിച്ചാണ് ഇരുവരും യാത്ര തിരിച്ചത്. ഒരാഴ്ച മുമ്പ് അതിർത്തി കടന്ന ശേഷം, ഭിബിയാൻ മരുഭൂമിയിൽ വഴി തെറ്റി. ഒടുവിൽ നിർജ്ജലീകരണം മൂലം മരിച്ചുവെന്നാണ് നി​ഗമനം. പാകിസ്ഥാനിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ ഉപയോഗിച്ച ഒഴിഞ്ഞ ജെറി ക്യാനും മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെത്തി. മെഡിക്കൽ ബോർഡ് പോസ്റ്റ്‌മോർട്ടം നടത്തി.

ഇന്ത്യൻ സർക്കാർ മൃതദേഹങ്ങൾ തിരികെ നൽകിയാൽ ജയ്‌സാൽമീറിലെ ബന്ധുക്കൾ അവ സ്വീകരിക്കാൻ തയ്യാറാണെന്ന് ഹിന്ദു പാകിസ്ഥാൻ ഡിസ്‌പ്ലേസ്ഡ് യൂണിയൻ ആൻഡ് ബോർഡർ പീപ്പിൾ ഓർഗനൈസേഷന്റെ ജില്ലാ കോർഡിനേറ്റർ ദിലീപ് സിംഗ് സോധ പറഞ്ഞു. മൃതദേഹങ്ങൾ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചില്ലെങ്കിൽ, ഹിന്ദു ആചാരങ്ങൾക്കനുസൃതമായി അന്ത്യകർമങ്ങൾ നടത്താൻ ബന്ധുക്കൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങൾക്കൊപ്പം പാക്കിസ്ഥാൻ ദേശീയ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതും സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ചതായി എസ്പി പറഞ്ഞു. പൊലീസും വിവിധ സുരക്ഷാ ഏജൻസികളും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ചട്ടങ്ങൾക്കനുസൃതമായി നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News