KeralaNews

കൃഷിത്തോട്ടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു

പുല്പള്ളി: സ്വന്തം കൃഷിയിടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടമുണ്ടായത്.

ഇവരുടെ വീടിനോടുചേർന്നുള്ള കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതിപ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

കൃഷിയിടത്തിലെ കുളത്തിൽ മോട്ടോർ സ്ഥാപിക്കുന്നതിനായാണ് ദമ്പതിമാർ ഇവിടേക്കെത്തിയത്. നടക്കുന്നതിനിടെ വൈദ്യുതവേലി മറികടന്നപ്പോൾ അബദ്ധത്തിൽ കാൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃഷിയിടത്തിനുള്ളിൽ ചെറിയ കുറ്റികൾ സ്ഥാപിച്ച് അതിൽ നൂൽക്കമ്പി കെട്ടിയാണ് വേലിയൊരുക്കിയിരുന്നത്. ഇതിലേക്ക് കെ.എസ്.ഇ.ബി.യുടെ വൈദ്യുതി നേരിട്ട് നൽകുകയാണ് ചെയ്തിരുന്നത്.

ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റത്. കൃഷിയിടത്തിലെ ചാലിൽ ചെളിയിൽ പുതഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുല്പള്ളി സ്റ്റേഷനിലെ എസ്.ഐ.മാരായ സി.ആർ. മനോജ്, രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തുകയും സംഭവം നടന്ന കൃഷിയിടവും വീടും സീല് ചെയ്യുകയും ചെയ്തു. അനധികൃത വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

വീട്ടിൽനിന്ന് വൈദ്യുതിവിതരണം നേരിട്ട് കൃഷിയിടത്തിലെ അനധികൃത വൈദ്യുതവേലിയിലേക്ക് നൽകിയതാണെന്ന് ബോധ്യപ്പെട്ടതായി കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ബത്തേരി ഗവ. താലൂക്കാശുപത്രിയിലേക്കു മാറ്റി.

മകൻ: അഖേഷ്. മരുമകൾ: രാജി.

കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിയും കാട്ടുപോത്തുമുൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് കെണിയൊരുക്കാനാണ് പലരും കൃഷിത്തോട്ടങ്ങളിൽ ഇരുമ്പുവേലികളിലൂടെ വൈദ്യുതി കടത്തിവിടുന്നത്. പക്ഷേ, ഈ കെണിയറിയാതെ വന്നുപെടുന്ന മനുഷ്യരുടെ ജീവനാണ് അപകടക്കളികൊണ്ട് പൊലിയുന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ 12 പേരാണ് പാലക്കാട്, മലപ്പുറം, കൊല്ലം, വയനാട് ജില്ലകളിലായി ഇങ്ങനെ മരിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവുംകൂടുതൽ പേർ മരിച്ചത്- ഏഴുപേർ.

വയനാട്ടിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞു. കൊല്ലത്തും മലപ്പുറത്തും ഒരാൾവീതവും. ഏറ്റവും ഒടുവിലത്തെ അപകടമാണ് വ്യാഴാഴ്ച പുല്പള്ളിയിൽ നടന്നത്. മൃഗങ്ങളെ പ്രതിരോധിക്കാൻ ഒരുക്കിയ വേലിയിൽനിന്ന് സ്ഥലമുടമയായ കർഷകനും ഭാര്യയുമാണ് ഷോക്കേറ്റ് മരിച്ചത്.

എനർജൈസർ എന്ന ഉപകരണത്തിലൂടെ വൈദ്യുതി കടത്തിവിട്ടാണ് സാധാരണ വന്യമൃഗങ്ങളെ പ്രതിരോധിക്കാനായുള്ള വേലികൾ പ്രവർത്തിപ്പിക്കാറുള്ളത്. അതാണ് അനുവദനീയവും. അത് അത്ര അപകടകരവുമല്ല. പക്ഷേ, വീട്ടിലെ കണക്‌ഷനിൽനിന്ന്‌ വൈദ്യുതത്തൂണിൽ നിന്നുമൊക്കെ നേരിട്ട് വേലിയിലേക്ക് അനധികൃതമായി കണക്‌ഷൻ എടുക്കുകയാണ് ആളുകൾ ചെയ്യുന്നത്. വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ഒറ്റപ്പെട്ട മരണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും 2022 മേയ് 19-ന് കാട്ടുപന്നിക്കുവെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി. ബറ്റാലിയനിലെ രണ്ടുപോലീസുകാർ മരിച്ചതോടെയാണ് ഇത് ചർച്ചയായി മാറുന്നത്. ഈ അപകടം ആരുടെയും കണ്ണുതുറപ്പിച്ചില്ല. പിന്നെയും ദുരന്തങ്ങൾ ആവർത്തിച്ചു.

കഴിഞ്ഞ സെപ്‌റ്റംബർ 27-ന് കേരളത്തെ നടുക്കിയ മറ്റൊരു വലിയ അപകടം പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിലുണ്ടായി. പന്നിക്കായി വെച്ച വൈദ്യുതക്കെണിയിൽപ്പെട്ട് മരിച്ച രണ്ടുയുവാക്കളുടെ മൃതദേഹം കർഷകൻതന്നെ തെളിവുനശിപ്പിക്കാൻ വയറുകീറി വയലിൽ കുഴിച്ചിട്ടു.

പാലക്കാട് ജില്ലയിലെ വണ്ടാഴി, കാരാക്കുറിശ്ശി, പട്ടാമ്പി വല്ലപ്പുഴ, കൊല്ലം ജില്ലയിലെ തെന്മല എന്നിവിടങ്ങളിലെല്ലാം സമാന അപകടങ്ങളുണ്ടായി.

കഴിഞ്ഞ ഡിസംബറിൽ കൊണ്ടോട്ടി കിഴിശ്ശേരിയിൽ കൃഷിത്തോട്ടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് സിനാൻ എന്ന വിദ്യാർഥി മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 14-ന് മാനന്തവാടി പയ്യമ്പള്ളി ചെറൂരിലെ കൃഷിത്തോട്ടത്തിൽ ഒരു ആദിവാസിയും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button