കോഴിക്കോട്∙ എൻഐടി ക്വാർട്ടേഴ്സിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംശയത്തെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഭർത്താവ് അജയകുമാർ അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നു. ജീവനൊടുക്കും മുൻപ് ഭാര്യയെയും മകനെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് അജയകുമാർ എത്തിയത്.
ഉറങ്ങിക്കിടന്ന മകൻ അർജിത്തിനെയും തലയണവച്ച് ശ്വാസം മുട്ടിച്ചു. എന്നാൽ അപകടം മണത്ത കുട്ടി വിരൽ കൊണ്ട് മൂക്ക് പിടിക്കുകയും അനങ്ങാതെ കിടക്കുകയും ചെയ്തു. മകനും മരിച്ചെന്ന് കരുതിയാണ് അജയകുമാർ തീ കൊളുത്തിയത്. ഇയാൾ മുറിയിൽ തീ ഇടുന്ന സമയം അടുക്കളയിലെ വാതിൽ വഴിയാണ് കുട്ടി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെട്ട മകനു ചെറിയ രീതിയിൽ പൊള്ളലേൽക്കുക മാത്രമാണ് ചെയ്തത്. അർജിത്ത് എൻഐടി ക്യാംപസിലെ സ്പ്രിങ് വാലി സ്കൂൾ വിദ്യാർഥിയാണ്.
ഇന്നു പുലർച്ചെയാണ് നാലുമണിയോടെയാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശികളാണ് മരിച്ച ദമ്പതികൾ. ഇവർക്ക് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബി ആർക്കിന് പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്. ഇന്നലെ വീട്ടിൽ നിന്നും പഠിക്കുന്ന കോട്ടയത്തെ കോളേജിലേക്ക് മടങ്ങിയത്. അജയകുമാർ (56 ), ലിനി (48 ) എന്നിവരാണ് മരിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യനാണ് അജയകുമാർ. തൊട്ടടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരാണ് പൊലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചത്.