റാഞ്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ നാടകീയ നീക്കങ്ങള്‍. ബിജെപിയുടെ ചാക്കിട്ട് പിടുത്ത ശ്രമങ്ങള്‍ നടക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഭരണകക്ഷി എംഎല്‍എമാര്‍ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് നീങ്ങി. ജെഎംഎം കോണ്‍ഗ്രസ് എംഎല്‍എമാര്‍ റാഞ്ചി എയര്‍പോര്‍ട്ടില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഹേമന്ത് സോറന്‍ ബുധനാഴ്ച രാജിവെച്ചതിന് പിന്നാലെ ചംപായ് സോറനെ നിയമസഭാ കക്ഷി നേതാവായി ജെഎംഎം എംഎല്‍എമാര്‍ തിരഞ്ഞെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറുടെ ക്ഷണം കാത്തുനില്‍ക്കുകയാണ് ചംപായ് സോറന്‍.
ഹേമന്ത് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 10 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും കോടതി പരിഗണിക്കും.
സോറന്‍റെ അറസ്റ്റില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഏജന്‍സി അധികാരം ദുരുപയോഗം ചെയ്തുവെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുളളതുമാണെന്ന് പറഞ്ഞ സോറന്‍ എസ് സി, എസ്ടി ആക്ട് പ്രകാരം ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്‍ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്. ഇ ഡി കസ്റ്റഡിയില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമായിരുന്നു സോറന്റെ അറസ്റ്റ്.