NationalNews

വിപണി കയ്യടക്കി വ്യാജമരുന്നുകള്‍,ഗുരുതര രോഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ഡിസിജിഐ

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മുന്നറിയിപ്പിനെതുടര്‍ന്ന് ഇന്ത്യയില്‍ രണ്ടു മരുന്നുകകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിര്‍ദേശം നല്‍കി. കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോ, ക്യാൻസർ രോഗത്തിനുള്ള അഡ്സെട്രിസ് (ഇഞ്ചക്ഷൻ) എന്നീ മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും പരിശോധിക്കാനാണ് നിര്‍ദേശം. 

ഇന്ത്യ ഉള്‍പ്പെടെയുള്ള നാലു രാജ്യങ്ങളില്‍ ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മിക്കുന്ന അഡ്സെട്രിസ് ഇഞ്ചെക്ഷന്‍റെ ‌(‌50 മില്ലിഗ്രാം) ഒന്നിലധികം വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ മുന്‍കരുതെലടുക്കണമെന്നും ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് ഡിസിജിഐ അറിയിച്ചിരിക്കുന്നത്.

രോഗിക്ക് നേരിട്ട് ലഭിക്കുന്ന ഈ മരുന്ന്  യാതൊരു നിയന്ത്രണവുമില്ലാതെ ഓണ്‍ലൈനായി ഉള്‍പ്പെടെ ലഭ്യമാണ്. നിരവധി വിതരണ ശൃംഖലയിലും രോഗികളുടെ കൈവശവും മരുന്നിന്‍റെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് എട്ടു വ്യത്യസ്ത ബാച്ച് നമ്പറുകളിലായി ഈ മരുന്നുകളുടെ വ്യാജ പതിപ്പുകള്‍ വിതരണത്തിലുണ്ടെന്നുമാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഡിസിജിഐ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ഹോഡ് ജ് കിന്‍ ലിംഫോമ എന്ന കാന്‍സര്‍ രോഗത്തിനുള്ള ആന്‍റി ബോഡി മരുന്നാണ് അഡ്സെട്രിസ്. 

ഡിസിജിഐ പുറത്തിറക്കിയ രണ്ടാമത്തെ മുന്നറിയിപ്പ് നിര്‍ദേശത്തിലാണ് ഡിഫിറ്റെലിയോ മരുന്നുകളുടെ വ്യാജ പതിപ്പുകളെ നിരീക്ഷിക്കമെന്ന് അറിയിച്ചിരിക്കുന്നത്. ജെൻഷ്യം എസ്ആർഎൽ നിർമിക്കുന്ന ഡിഫിറ്റെലിയോയുടെ 80 മില്ലിഗ്രാം മരുന്നിന്‍റെയും വ്യാജ പതിപ്പ് ഇന്ത്യയിലും തുർക്കിയിലും ഇറങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ഡിസിജിഐക്ക് മുന്നറിയിപ്പ് നൽകിയത്.

മുന്നറിയിപ്പ് നൽകിയ ഉല്‍പന്നം വ്യാജമാണെന്ന് ഡിഫിറ്റെലിയോയുടെ യഥാർഥ നിർമ്മാതാക്കൾ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. വ്യാജ ഡിഫിറ്റെലിയോ മരുന്നുപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഇത്തരം വ്യാജ മരുന്നുകളുടെ വിതരണവും വില്‍പനയും എപ്പോഴും നിരീക്ഷിക്കണമെന്നും നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നും അതാത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker