കൊച്ചി: സംസ്ഥാനത്ത് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തതോടെ നിര്‍ണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കൊച്ചി ഉദയംപേരൂരില്‍ നിന്ന് 1.8 കോടി രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി കോയമ്പത്തൂരില്‍നിന്ന് തൃശൂര്‍ സ്വദേശി റഷീദ്, കോയമ്പത്തൂര്‍ സ്വദേശികളായ സയീദ് സുല്‍ത്താന്‍, അഷ്‌റഫ് അലി എന്നിവരാണ് 1.8 കോടിയുടെ കള്ളനോട്ടുമായി പിടിയിലായത്.
കോയമ്പത്തൂരില്‍ കള്ളനോട്ടടിച്ച് കേരളത്തില്‍ എത്തിച്ചിരുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് നിഗമനം. ഉദയംപേരൂരിലെ വാടകവീട്ടില്‍നിന്ന് മാര്‍ച്ച് 28 ന് 1.80 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് കോയമ്പത്തൂരിലെത്തിയത്. പിടിയിലായവരെ എറണാകുളത്ത് കോടതിയില്‍ ഹാജരാക്കും.
ഉദയംപേരൂരിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന ചലച്ചിത്ര സഹസംവിധായകന്‍ പ്രിയന്‍ കുമാര്‍, കരുനാഗപ്പള്ളിയിലെ ഇയാളുടെ ബന്ധു വാസുദേവന്‍, ഭാര്യ ധന്യ, ഇടനിലക്കാരന്‍ വിനോദ് എന്നിവരാണ് കള്ളനോട്ട് കേസില്‍ ആദ്യം പിടിയിലായത്.
തെരഞ്ഞെടുപ്പ് സംഭാവനയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവാഹങ്ങള്‍ക്ക് സമ്മാനമായും 2000 ത്തിന്റെ കള്ളനോട്ടുകള്‍ സംഘം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.