മെസിയുടെ 30 ന് നെയ്മറിന്റെ 40,പുള്ളാവൂരില്‍ അര്‍ജന്റീനയ്ക്ക് ബ്രസീലിന്റെ മറുപടി

മുക്കം: ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇങ്ങ് കേരളത്തില്‍ ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള ഫ്‌ളക്‌സ് യുദ്ധങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം വിവിധ ടീമുകളുടെ ഫ്‌ളക്‌സുകള്‍ ഉയരാന്‍ തുടങ്ങിക്കഴിഞ്ഞു.

ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ കട്ടൗട്ടിന് ഇതേ സ്ഥലത്ത് നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ച് മറുപടി നല്‍കിയിരിക്കുകയാണ് ബ്രസീല്‍ ആരാധകര്‍.

പുള്ളാവൂരിലെ ചെറുപുഴയിലാണ് കഴിഞ്ഞ ദിവസം നെയ്മറുടെ 40 അടി ഉയരത്തിലുള്ള കട്ടൗട്ട് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്. മെസ്സിയുടെ 30 അടിക്ക് മുകളിലുള്ള കട്ടൗട്ട് സ്ഥാപിച്ച അര്‍ജന്റീന ആരാധകര്‍ക്ക് അതേനാണയത്തില്‍ ബ്രസീല്‍ ഫാന്‍സിന്റെ മറുപടി. പുള്ളാവൂരിലെ ചെറുപുഴയില്‍ മെസ്സിക്ക് മുമ്പില്‍ ഇപ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നെയ്മറുമുണ്ട്.

നേരത്തെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ട് ഫോക്സ് സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News