കൊച്ചി:വളരെ ചെറുപ്പം മുതൽ മലയാളികൾ കാണുകയും അടുത്ത് അറിയുകയും ചെയ്ത നടിയാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് മലയാളിക്ക് മഞ്ജു വാര്യർ.
മഞ്ജുവിനെ സ്നേഹിക്കുന്നപോലെ മലയാളി മറ്റേതെങ്കിലും ഒരു നടിയെ സ്നേഹിക്കുന്നുണ്ടോയെന്നത് പോലും സംശയമാണ്. അതുകൊണ്ട് തന്നെ വിവാഹത്തോടെ മഞ്ജു വാര്യർ അഭിനയം ഉപേക്ഷിച്ച് പോയപ്പോൾ എല്ലാ സിനിമ പ്രേമിയും പ്രാർഥിച്ചതും അവരുടെ തിരിച്ച് വരവിന് വേണ്ടിയാണ്.
വിവാഹശേഷം മഞ്ജുവിന്റെ ചിത്രങ്ങളോ അഭിമുഖങ്ങളോ ഒന്നും പുറത്ത് വന്നിരുന്നില്ല. വളരെ വിരളമായി താരങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ മഞ്ജു മകൾക്കും ഭർത്താവ് ദിലീപിനുമൊപ്പം പങ്കെടുക്കുമായിരുന്നു അത്രമാത്രം.
വിവാഹത്തിന് മുമ്പ് വെറും മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ സിനിമയിൽ അഭിനയിച്ചത്. ആ മൂന്ന് വർഷം കൊണ്ടാണ് മലയാളികളുടെ മനസിൽ മഞ്ജു ചിര പ്രതിഷ്ഠ നേടിയത്. ഇപ്പോഴിത താൻ ജീവിക്കാനുള്ള കരുത്ത് എങ്ങനെയാണ് സമ്പാദിച്ചതെന്ന് മഞ്ജു വെളിപ്പെടുത്തിയിരിക്കുകയാണ്.
കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെ.ബി ജെഗ്ഷൻ എന്ന ജോൺ ബ്രിട്ടാസിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മഞ്ജു വാര്യർ വെളിപ്പെടുത്തൽ നടത്തിയത്. ‘അമ്മയുടെ സ്വാധീനം എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഉണ്ടാകും.’
‘അത് നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മളിൽ ഉണ്ടാകും. എന്റെ അച്ഛനേയും അമ്മയേയും കണ്ടിട്ടാവണം പ്രതിസന്ധികൾ വരുമ്പോൾ എങ്ങനെ പുഞ്ചിരിയോടെ നേരിടണമെന്ന് ഞാൻ പഠിച്ചത്.’
‘അവരിൽ നിന്നും എനിക്ക് കിട്ടിയ ഗുണമാണത്. അച്ഛന് അസുഖം വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴും ഇപ്പോഴും എനിക്ക് അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാറില്ല. പക്ഷെ അതിൽ പരാതിയോ സങ്കടമോ അമ്മയ്ക്കില്ല.’
‘അമ്മ അത്തരം പരാധികൾ പറയാറുമില്ല. പിന്നെ അമ്മ എന്നെക്കാളും തിരക്കിൽ ഇപ്പോൾ ഓടി നടക്കുകയാണ്. അമ്മയ്ക്ക് ആർട്ട് ഓഫ് ലിവിങിന്റെ പ്രവർത്തനങ്ങളുണ്ട്. അമ്മ ഡാൻസ്, പാട്ട് എന്നിവ പഠിക്കുന്നുണ്ട്.’
‘കൂടാതെ തിരുവാതിരക്കളിയുടെ ഒരു ഗ്യാങിലും അമ്മയുണ്ട്. ഇപ്പോൾ വീട്ടിൽ പോകുന്നതിന് മുമ്പ് അമ്മ വീട്ടിൽ ഉണ്ടാകുമോയെന്ന് വിളിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. അസുഖം വന്ന് പോയതിന് ശേഷം അമ്മ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു ജീവിതം ആസ്വദിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’
‘അമ്മ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ്. അച്ഛനും അമ്മയ്ക്കും കാൻസർ വന്നിട്ടുണ്ട്. ഇത് പാരമ്പര്യമായി വരുന്നതാണോയെന്ന് എനിക്ക് അറിയില്ല.’
‘ചിലപ്പോൾ നാളെ എനിക്കും അങ്ങനൊരു അസുഖം വന്നാലോ അങ്ങനൊരു സിറ്റുവേഷനിലൂടെ കടന്നുപോകേണ്ടി വന്നാലോ അതിൽ നിന്നും മറികടന്ന് എങ്ങനെ സുന്ദരമായി ജീവിക്കാമെന്ന് ഞാൻ പഠിച്ചു.’
‘കാരണം എന്റെ കൺ മുന്നിൽ അച്ഛനിലും അമ്മയിലും കൂടെ ഞാൻ അത് പഠിച്ചു. ഇതൊക്കെ തന്നെയാണ് അമ്മ എന്നിലുണ്ടാക്കിയ സ്വാധീനം എന്ന് പറയുന്നത്. കൂടാതെ ഞാൻ കണ്ടുമുട്ടുന്ന സ്ത്രീകൾ എന്നെ സ്വാധീനിക്കാറുണ്ട്’ മഞ്ജു വാര്യർ പറഞ്ഞു.
ജാക്ക് ആന്റ് ജില്ലാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യർ സിനിമ. അടുത്തിടെ പുറത്തിറങ്ങിയ ആയിഷയിലെ മഞ്ജുവിന്റെ നൃത്തം വലിയ രീതിയിൽ വൈറലായിരുന്നു.
മഞ്ജു വാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ആയിഷ ഇൻഡോ-അറബിക് ചിത്രമാണ്. മലയാളത്തിലും അറബിയിലും നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ടൈറ്റിൽ കഥാപാത്രമായ ആയിഷയ്ക്ക് വേണ്ടി മഞ്ജു വാര്യർ അറബി ഭാഷയും പഠിച്ചിരുന്നു.