ചെന്നെെ: പഞ്ഞിമിഠായിയുടെ നിർമാണവും വിൽപനയും നിരോധിച്ച് തമിഴ്‌നാട്. ഇന്ന് ആരോഗ്യമന്ത്രി സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. പഞ്ഞിമിഠായിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിഷയത്തെ ചൊല്ലി കുറച്ച് ദിവസങ്ങളായി വലിയ വിവാദം തമിഴ്നാട്ടിൽ ഉയർന്നിരുന്നു. പിന്നാലെയാണ് ഈ കടുത്ത തീരുമാനം. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നേരത്തെ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകൾ ചെന്നെെക്ക് സമീപമുള്ള സർക്കാർ ലബോറട്ടറിയിൽ പരിശോധിച്ചിരുന്നു. ഇവിടെ ഇതിൽ തുണികൾക്ക് നിറം നൽകാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡെെയായ ‘ റോഡോമൈൻ ബി’യുടെ സാന്നിദ്ധ്യം കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡോമൈൻ ബി മനുഷ്യർക്ക് ഹാനികരമാണ്. ഇത് പതിവായി കഴിക്കുന്നവർക്ക് കരൾ രോഗത്തിനും ക്യാൻസറിലേക്കും നയിക്കുമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ. പഞ്ഞിമിഠായിയിൽ മാത്രമല്ല പല മിഠായികളിലും സ്വീറ്റ്സിലും റോഡോമൈൻ ബി അടങ്ങിയതായി ലാബ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.