തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫ്ലെക്സ് ബോർഡുകളും ബാനറുകളും അനുമതിയില്ലാതെ പൊതുസ്‌ഥലത്ത് സ്‌ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ച് തിരുവനന്തപുരം കോർപ്പറേഷൻ. അനധികൃതമായി സ്‌ഥാപിച്ച ബോർഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനോട് കോർപ്പറേഷൻ സെക്രട്ടറി
വിശദീകരണം ചോദിച്ചത്. ജില്ലാ കോടതിയുടെ നിർദ്ദേശപ്രകാരമാണ് കോർപ്പറേഷൻ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബോർഡുകളും ബാനറുകളും നഗരത്തിലുടനീളം സ്ഥാപിച്ചത്. നടപ്പാതകളിലും ഡിവൈഡറുകളിലും അപകടകരമായ രീതിയിൽ ഫ്ലെക്സ് ബോർഡുകൾ വെച്ചിരുന്നു. പിന്നാലെ വ്യാപകമായ പരാതികളും ഉയർന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഫ്ലെക്സ് ബോർഡുകൾ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നൽകിയത്.
അതേസമയം, ഫ്ലെക്സ് ബോർഡുകൾ മാറ്റാനുള്ള നിർദേശം മാത്രമാണ് ലഭിച്ചതെന്നും പിഴ ഈടാക്കിയിട്ടില്ലെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ പ്രതികരിച്ചു. കോർപ്പറേഷൻ സെക്രട്ടറിക്ക് വിശദീകരണം നൽകി എന്നും കരമന ജയൻ വ്യക്തമാക്കി. പാർട്ടിക്കുവേണ്ടി ഒരു ഏജൻസിയാണ് ബോർഡുകൾ സ്ഥാപിച്ചതെന്നും ബോർഡുകൾ എടുത്തുമാറ്റിയ വീഡിയോ അടക്കമാണ് വിശദീകരണം നൽകിയതെന്നും കരമന ജയൻ കൂട്ടിച്ചേർത്തു.
ഹൈക്കോടതി നിർദേശം ലംഘിച്ച് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ നീക്കാനുള്ള പ്രവർത്തനങ്ങൾ കോർപ്പറേഷൻ നേരത്തെ ആരംഭിച്ചിരുന്നു. പാർട്ടി നോക്കാതെ അനധികൃത ബോർഡുകൾ നീക്കാനായിരുന്നു മേയർ വി.വി.രാജേഷിൻ്റെ നിർദേശം. ഈയവസരത്തിലാണ് ബിജെപി ജില്ല പ്രസിഡൻ്റിന് തന്നെ കോർപ്പറേഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി മടങ്ങിയിട്ടും നിരവധി സ്ഥലത്ത് ഇപ്പോഴും ഫ്ലെക്സ് ബോർഡുകൾ മാറ്റിയിട്ടില്ല. നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ചില ബോർഡുകൾ മാത്രമാണ് നീക്കം ചെയ്തത്.


