തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ക്ക് കോടതി അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ് വിധിച്ചത്. ഇതിനിടെ വിചാരണ തടയാനും ശക്തമായ നീക്കം നടന്നിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2009 ജൂലായ് 17ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയതിനു പിന്നാലെ, കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയിലെത്തി വിടുതല്‍ ഹര്‍ജിയും നല്‍കി. നടപടികള്‍ ഒന്‍പത് വര്‍ഷത്തോളം നീണ്ടുപോയി.
തിരുവനന്തപുരം സി.ബി.ഐ കോടതി 2018 മാര്‍ച്ച് 7 നാണ് ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെയും മൂന്നാം പ്രതി സെഫിയുടെയും വിടുതല്‍ ഹര്‍ജി തള്ളിയത്. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വെറുതെ വിടുകയും ചെയ്തു. അദ്ദേഹത്തിനെതിരായി നൈറ്റ് വാച്ച്മാന്‍ ചെല്ലമ്മ ദാസ് നല്‍കിയ മൊഴിയില്‍ തീയതി ഇല്ലെന്ന ന്യായം ചൂണ്ടികാണിച്ചാണ് വെറുതെ വിട്ടത്.
ഫാ.പൂതൃക്കയില്‍ രാത്രി 11 മണിക്കുശേഷം കോണ്‍വെന്റിന്റെ മുന്നില്‍ സ്‌കൂട്ടര്‍ വെച്ച് മതില്‍ ചാടിക്കടന്ന് കിണറിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടെന്നും പുലര്‍ച്ചെ 5 മണിക്ക് തിരിച്ചു വരുന്നത് കണ്ടെന്നുമായിരുന്നു ചെല്ലമ്മ ദാസിന്റെ മൊഴി. എന്നാല്‍ മൊഴിയില്‍ തീയതി രേഖപ്പെടുത്തിയിരുന്നില്ല. ചെല്ലമ്മ ദാസ് 2014 ഫെബ്രുവരി 28ന് മരിച്ചതിനാല്‍ വിസ്തരിക്കാനുമായില്ല.
വിചാരണ നേരിടണമെന്ന വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയും തള്ളി. 2019 ആഗസ്റ്റ് 26ന് വിചാരണ ആരംഭിച്ചെങ്കിലും വൈറസ് പശ്ചാത്തലത്തില്‍ അതു നീട്ടിവെക്കാനായി അടുത്ത ശ്രമം. ഹൈക്കോടതി ആവശ്യം നിരസിച്ചതോടെ ഒക്ടോബര്‍ 20 മുതല്‍ സി.ബി.ഐ കോടതിയില്‍ വിചാരണ പുനരാരംഭിച്ചു.