തിരുവനന്തപുരം : കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനം. അതികഠിനമായ നിയന്ത്രണങ്ങള്‍ ഇനിമുതല്‍ ഉണ്ടാകില്ല, എന്നാല്‍ ശ്രദ്ധ തുടരുമെന്നും രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുടെ സാമ്പിള്‍ ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തിരിച്ചെത്താന്‍ കഴിയാതെ കുന്‍മിംഗില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം നാട്ടിലേക്ക് മടങ്ങി. കുന്‍മിംഗില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു 21അംഗ സംഘമാണ് യാത്ര തിരിച്ചത്. കുമിങ് ഡാലിയന്‍ സര്‍വകലാശാലയില്‍ എംബിബിഎസിനു പഠിക്കുന്ന 17 വിദ്യാര്‍ഥികളടക്കം 21പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ഇതുവരെ 636 ആളുകള്‍ മരണപ്പെട്ടു. 31161 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ടെന്നു നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വെളിപ്പെടുത്തി.
അതേസമയം ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ചൈനീസ് പൗരന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ശേഷം രണ്ടു തവണ ഛര്‍ദ്ദിച്ചു. ഉടന്‍ തന്നെ ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയും കൊറോണ വൈറസ് ബാധയെന്ന് സംശയിച്ച് ഇയാളെ പൂനെയിലെ നായിഡു ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രക്ത സാമ്പിളുകള്‍ പരിശോധനക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോ. രാമചന്ദ്ര ഹങ്കാരെ പറഞ്ഞു. ചൈനീസ് പൗരന്‍ വിമാനത്തില്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച പൂനെയിലെ ലോഹഗാഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കുല്‍ദീപ് സിംഗ് വിമാനം അണുവിമുക്തമാക്കിയ ശേഷമാണ് ദില്ലിയിലേക്ക് തിരിച്ചുപോയതെന്നും അറിയിച്ചു.