KeralaNews

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! മരണവീട്ടില്‍ കൊറോണ ജാഗ്രത നിര്‍ദ്ദേശവുമായി കുടുംബാംഗങ്ങള്‍

കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് വലിയ മുന്‍കരുതലുകളാണ് ആരോഗ്യ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളും ഇതിനോട് നന്നായി സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായി കൊറോണക്കെതിരെ മുന്നറിയിപ്പ് നല്‍കി കൈയ്യടി നേടിയിരിക്കുകയാണ് പാലായിലെ ഒരു കുടുംബം. മരണവീട്ടില്‍ കൊറോണ ജാഗ്രതാ നിര്‍ദ്ദേശം അടങ്ങിയ ബോര്‍ഡ് സ്ഥാപിച്ചാണ് കുടുംബാംഗങ്ങള്‍ സമൂഹത്തിന് മാതൃകയായത്. ചക്കാമ്പുഴ വഞ്ചിന്താനത്ത് പരേതനായ വി.എല്‍. തോമസിന്റെ ഭാര്യ അച്ചു തോമസ് (84) മരിച്ചപ്പോഴാണ് കൊറോണ ജാഗ്രതാ നിര്‍ദേശമടങ്ങിയ ബോര്‍ഡ് കുടുംബാംഗങ്ങള്‍ വീട്ടില്‍ സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ അമ്മ മരണപ്പെട്ടപ്പോള്‍ കുടുംബാംഗങ്ങള്‍ കൊറോണ വൈറസിന്റെ കാര്യവും ഓര്‍മയില്‍ വച്ചു. സംസ്‌കാര നടപടികള്‍ ഒരുക്കുന്നതിനൊപ്പം മകന്‍ ജെയ്‌മോന്‍ കൊറോണ ജാഗ്രതാ നിര്‍ദേശമടങ്ങിയ ബോര്‍ഡും വീട്ടുവളപ്പില്‍ സ്ഥാപിച്ചു. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷയെ മാനിച്ച് മൃതശരീരത്തില്‍ ചുംബിക്കാതെ പ്രാര്‍ഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.

പരസ്പരം ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കുക. ഇവിടെ ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്… എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്.

ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിച്ചുവെന്നതും എടുത്ത് പറയേണ്ട കാര്യമാണ്. അധികസമയം മരണവീട്ടില്‍ ചെലവഴിച്ച് തിക്കും തിരക്കും ഉണ്ടാക്കാതെ മടങ്ങാനും ആളുകള്‍ ശ്രദ്ധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button