തിരുവനന്തപുരം: വിദേശ മദ്യ ഇനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ എല്ലാ ഷോപ്പുകളിലും വിദേശമദ്യ ഇനങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇതോടെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ ഇനി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സാഹചര്യത്തിലെ തിരക്കൊഴിവാക്കാനാണ് നടപടി. ബുക്കിംഗിന് അധിക ചാര്‍ജും നല്‍കേണ്ടതില്ല.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതോടെ സമയമനുസരിച്ച് ഉപഭോക്താവിന് മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി നമ്പര്‍ കിട്ടും. നമ്പര്‍ ലഭിച്ചാല്‍ പാര്‍സല്‍ ആയി മദ്യം ലഭ്യമാകും. ക്യൂ നില്‍ക്കേണ്ടതില്ലെങ്കിലും നിലവില്‍ ഹോം ഡെലിവറി സംവിധാനമില്ലെന്നും ഷോപ്പുകളിലേക്ക് നേരിട്ടെത്തണമെന്നും അധികൃതര്‍ പറഞ്ഞു.
fl.consumerfed.in എന്ന വെബ്സൈറ്റിലാണ് ഉപഭോക്താക്കള്‍ മദ്യം ബുക്ക് ചെയ്യേണ്ടത്. മദ്യത്തിന്റെ ബ്രാന്റും ഉപഭോക്താവിന് 23 വയസ് കഴിഞ്ഞതായുള്ള സത്യവാങ്മൂലം നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ സംവിധാനം പ്രയോജനപ്പെടുത്താം.