NationalNews

പശ്ചിമ ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി, നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്‌ത് നടപടി: ഗവര്‍ണര്‍ സിവി ആനന്ദബോസ്

കൊൽക്കത്ത: പശ്ചിമബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവർണർ സിവി ആനന്ദബോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് അടുത്ത നടപടി സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. റേഷൻ അഴിമതി കേസില്‍, തൃണമൂല്‍ കോൺഗ്രസ് നേതാവിനായി, ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇഡ‍ി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കടുപ്പിക്കുകയാണ് ബംഗാള്‍ ഗവർണർ.

ക്രമസമാധാന പാലനമെന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റിയില്ലെങ്കില്‍ കർശന നടപടിയുണ്ടാകുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. അക്രമത്തില്‍ ഗവർണർ ആനന്ദ്ബോസ് വൈകാതെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ ബംഗാള്‍ ഗവർണർ വിളിച്ചു വരുത്തിയിട്ടും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ ഹാജരായില്ല. അക്രമത്തെ കുറിച്ച് വിവരം നല്‍കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഡിജിപി എന്നിവരോട് ഹാജരാകാനായിരുന്നു ഗവർണ‍ർ ആവശ്യപ്പെട്ടത്. 

റേഷന്‍ അഴിമതി കേസില്‍ അന്വേഷണം തുടരുന്ന ഇഡി ഇന്നലെ രാത്രി ടിഎംസി നേതാവ് ശങ്കർ ആദ്യയെ അറസ്റ്റ് ചെയ്തു. എന്നാല്‍ നടപടിക്കിടെ ഉദ്യോഗസ്ഥർക്ക് നേരെ തൃണമൂല്‍ പ്രവർത്തക‍ർ കല്ലെറിഞ്ഞു.

റേഷൻ അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള തൃണമൂല്‍ നേതാവ് ഷാജഹാൻ ഷെയ്ഖിനെ ഇനിയും കണ്ടെത്താനായില്ല. ഇയാള്‍ ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ അനുമാനം. സുരക്ഷസേനയോടടക്കം ഷാജഹാൻ ഷെയ്ഖിനായി നിരീക്ഷണം വേണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. 

നോർ‍ത്ത് 24 പർഗാനാസില്‍ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസില്‍ നിലവില്‍ മൂന്ന് കേസുകളാണ് എടുത്തത്. ഇഡിയും പശ്ചിമബംഗാള്‍ പൊലീസും എഫ്ഐആർ രജിസ്റ്റ‍ർ ചെയ്തതിന് പുറമെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഇഡിക്കെതിരെയും പരാതിയുണ്ട്. ഷാജഹാൻ ഷെയ്ഖിന്‍റെ സഹായിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അതേസമയം ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ഇന്നലോ കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടത് ദേശീയ നേതൃത്വം തള്ളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button