അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. സ്‌പെഷല്‍ സിറ്റിങ് നടത്തും. നാളെ 10.15ന് ആണ് വാദം കേള്‍ക്കുക. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളത് കൊണ്ടല്ല പക്ഷേ അധികം സമയം വാദത്തിന് എടുക്കും എന്നുളത് കൊണ്ടാണ് കേസ് മാറ്റുന്നത് എന്ന് ജഡ്ജ് വ്യക്തമാക്കി.

കേസില്‍ നടന്‍ ദിലീപിനെതിരെ കൊലപാതകത്തിനുള്ള വകുപ്പ് കൂടി ഇന്ന് ചേര്‍ത്തിരുന്നു.കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപോര്‍ട്ടും നല്‍കിയിരുന്നു.

ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുളള പ്രതികള്‍ സമാന ഹര്‍ജി നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും കളളക്കേസാണെന്നുമാണ് ദിലീപടക്കമുളള പ്രതികളുടെ വാദം. എന്നാല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുളള ശ്രമമാണ് ദിലീപിന്റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേര്‍ത്തതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ദിലീപടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News