കണ്ണൂര്‍: റാങ്ക് ഹോള്‍ഡര്‍മാരില്‍ ഒരു വിഭാഗം ബാഹ്യ ഇടപെടലില്‍ പെട്ടുപോയതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സമരത്തെ കോണ്‍ഗ്രസ് നേതൃത്വം അക്രമത്തിലേക്കു കൊണ്ടു പോകാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം കലാപത്തിനു ഗൂഢാലോചന നടത്തുകയാണ്. ജനാധിപത്യപരമായി സമരം അവസാനിക്കരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ടെന്നും റഹിം വ്യക്തമാക്കി.
സമരക്കാരിലെ ഒരു വിഭാഗം ആളുകള്‍ക്ക് ബാഹ്യ ബന്ധമുണ്ടെന്ന് ഡിവൈഎഫ്‌ഐ ആദ്യമേ പറയുന്നതാണ്, ഇപ്പോഴും പറയുന്നു. അവരോടും അത് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസാണ് ആളെക്കൂട്ടി കലാപത്തിനു ശ്രമിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. സമരത്തിന് എതിരായ നിലപാട് ഡിവൈഎഫ്‌ഐക്ക് ഇല്ലെന്നും റഹീം പറഞ്ഞു.
ക്ലാസ്‌മേറ്റ്‌സ് സിനിമയില്‍ സതീശന്‍ കഞ്ഞിക്കുഴി കാണിച്ച അടവുകളൊന്നും ഇക്കാലത്തു നടക്കില്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് അറിയില്ലെങ്കിലും സമരത്തില്‍ ഇരിക്കുന്ന രണ്ട് എംഎല്‍എമാരെങ്കിലും അതു മനസ്സിലാക്കണം. 4 വോട്ടിനു വേണ്ടി നാടു കത്തിക്കാനാണു കോണ്‍ഗ്രസിന്റെ പരിപാടി. സമരത്തില്‍ നുഴഞ്ഞു കയറി അത്യാഹിതമുണ്ടാക്കാനുള്ള പല പദ്ധതികളും അവര്‍ ഇട്ടിട്ടുണ്ടെന്നും റഹിം ആരോപിച്ചു.