കൊച്ചി: സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം വൈദികര്‍. ഇക്കാര്യം ഉന്നയിച്ച് അവര്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലുമായി ബിഷപ് ഹൗസിലെത്തി ചര്‍ച്ച നടത്തി.
വൈദിക സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധികള്‍ പ്രതിഷേധം അറിയിക്കാനെത്തിയത്. സിനഡിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണ്. അറുപതുവര്‍ഷത്തിലേറെയായി തുടരുന്ന ജനാഭിമുഖ ദിവ്യബലി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ടാണു നിലനില്‍ക്കുന്നത്. ഈ രീതി സിനഡില്‍ ഏകപക്ഷീയമായി പരിഷ്‌കരിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശയത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് അതിരൂപത പി.ആര്‍.ഒ. ഫാ. മാത്യു കിലുക്കന്‍ പറഞ്ഞു.
തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് സഭാത്മകമല്ല. തീരുമാനം പിന്‍വലിച്ചു സഭയില്‍ സമാധാനാന്തരീഷവും ഐക്യവും നിലനിര്‍ത്തണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ മാര്‍പാപ്പയ്ക്ക് അപ്പീല്‍ നല്‍കാന്‍ മറ്റു മെത്രാന്മാരുമായി കൂടിയാലോചിച്ചു നടപടി സ്വീകരിക്കാമെന്നു ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ അറിയിച്ചതായി വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതുവരെ തല്‍സ്ഥിതി തുടരാനുള്ള ക്രമീകരണം ആര്‍ച്ച്ബിഷപ്പ് ഉറപ്പാക്കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു. സിനഡിന്റെ സര്‍ക്കുലര്‍ വായിക്കാന്‍ പള്ളികളിലേക്ക് അയക്കരുതെന്നും ഫാ. സെബാസ്റ്റിയന്‍ തളിയന്‍, ഫാ. ജോസ് വൈലിക്കോടത്ത്, ഫാ. മാത്യു കിലുക്കന്‍, ഫാ. ജോസഫ് കുരീക്കല്‍ എന്നിവരും പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
അതേസമയം, സഭയിലെ ഏകീകരിച്ച കുര്‍ബാന ക്രമം സിനഡിന്റെ തീരുമാനംപോലെതന്നെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിശ്വാസികള്‍ ബിഷപ് ഹൗസിനു മുന്നിലെത്തി. വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികളാണ് പ്ലക്കാര്‍ഡുകളുമായി എത്തിയത്.
തീരുമാനത്തെ എതിര്‍ത്ത് മാര്‍പാപ്പയ്ക്ക് അപ്പീല്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇവര്‍ പറഞ്ഞു. മാര്‍പാപ്പയുടെ നിര്‍ദേശമാണ് അന്തിമം. പല ഇടവകകളില്‍ പല രീതിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് അവര്‍ വ്യക്തമാക്കി.