തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2019-20 ല്‍ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് 3.45 ശതമാനമായി കുറഞ്ഞു. പ്രളയവും കൊവിഡും കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് കുറച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിച്ചതായും പ്രവാസികളില്‍ 60 ശതമാനവും തിരിച്ചുവന്നതായും നിയമസഭയില്‍വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൂന്നു വര്‍ഷമായി കേരളം നേരിടുന്ന പ്രതിസന്ധികളാണ് വളര്‍ച്ചാ നിരക്ക് കുറച്ചതെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഖി, പ്രളയം, കൊവിഡ് എന്നിവ വളര്‍ച്ചാ നിരക്കിനെ ബാധിച്ചു. മുന്‍ വര്‍ഷം 6.49 ആയിരുന്ന വളര്‍ച്ചാ നിരക്ക് 2019-20 ല്‍ 3.45 ശതമാനമായി കുറഞ്ഞു. കൊവിഡ് കാരണം കേരളത്തിന്റെ സമ്പദ്വ്യവസ്ഥ അടുത്ത സാമ്പത്തിക വര്‍ഷം 26 ശതമാനം ചുരുങ്ങും. വിലക്കയറ്റം സാമ്പത്തിക വിഷമകത വര്‍ധിപ്പിച്ചു. കൊവിഡ് സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ ബാധിച്ചു. പണപ്പെരുപ്പം 2020ല്‍ 6 മുതല്‍ 7 ശതമാനം വരെ ഉയര്‍ന്ന് നിന്നു. വിനോദ സഞ്ചാര മേഖലയ്ക്ക് വന്‍ തിരിച്ചടിയായി. 2020ലെ ഒമ്ബത് മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ 2629.8 കോടി കുറഞ്ഞു. കേന്ദ്ര നികുതികളുടേയും ഗ്രാന്റുകളുടേയും വിഹിതത്തിലും കുറവുണ്ടായി. തനത് നികുതി വരുമാനം 2018-19 ല്‍ 9 ശതമാനമായിരുന്നത് മൈനസ് 0.6 ആയി. നികുതിയേതര വരുമാനം 4.09 ശതമാനം വര്‍ധിച്ചു. മൊത്തം റവന്യൂ ചെലവിന്റെ 74.70 ശതമാനം പെന്‍ഷനും ശമ്ബളത്തിനും മറ്റുമായി ചെലവിടുകയാണ്. റവന്യൂ ചെലവിന്റെ 28.47 ശതമാനത്തില്‍ നിന്ന് 30.25 ശതമാനമായി ശമ്ബള ചിലവ് വര്‍ധിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത 260311.37 കോടിയായി ഉയര്‍ന്നു. ആഭ്യന്തര കടം 165960 കോടിയായി വര്‍ധിച്ചു. 2018 ലെ കേരള മൈഗ്രേഷന്‍ സര്‍വേ പ്രകാരം ആകെ പ്രവാസികളുടെ 60 ശതമാനം തിരിച്ചെത്തി. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.