കൊച്ചി:ഇന്ധനവില വർധനവിനെതിരായ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജുവിന്റെ കാറിന്റെ ചില്ല് തകർത്ത കോൺഗ്രസ് പ്രവർത്തകൻ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കാറിന്റെ പിൻഭാഗത്തെ ചില്ലാണ് അടിച്ചുതകർത്തത്. ഇതിനിടെ ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. എന്നാൽ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടാതെ മറ്റൊരു രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. രക്തസാംപിൾ അടക്കം പോലീസ് ശേഖരിച്ചു.
ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് കഴിഞ്ഞദിവസം അക്രമികൾ അടിച്ചുതകർത്തത്. പോലീസ് എഫ്.ഐ.ആർ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായിരിക്കുന്നത്. കേസിലെ പ്രതിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.ജോസഫിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വൈറ്റില സ്വദേശിയാണ് ജോസഫ്.
ജോജുവിനെതിരായ ആക്രമണത്തിൽ ഏഴ് പേർക്കെതിരേയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണ് ഒന്നാം പ്രതി. ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.