കോണ്‍ഗ്രസിന് വൻ തിരിച്ചടി, 199 കോടി രൂപ നികുതിയടയ്ക്കണം; അപ്പീല്‍ തള്ളി ഐടിഎടി 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനയ്ക്കു മേല്‍ ആദായനികുതിയിളവ് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ അപ്പീല്‍, ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ (ഐടിഎടി) തള്ളി. ഇതോടെ 199 കോടിരൂപ ആദായ നികുതിയിനത്തില്‍ കോണ്‍ഗ്രസ് അടയ്ക്കണം.

കോണ്‍ഗ്രസിന്റെ 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണ് ഐടിഎടിയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്. നികുതി റിട്ടേണ്‍ വൈകി ഫയല്‍ ചെയ്തതും സംഭാവന പണമായി സ്വീകരിക്കേണ്ടതിന്റെ പരിധി ലംഘിച്ചതും ചൂണ്ടിക്കാണിച്ചാണ് ഐടിഎടി നടപടിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ, 199 കോടി രൂപ നികുതിയടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. 2018 ഡിസംബര്‍ 31-ന് മുന്‍പ് ഫയല്‍ ചെയ്യേണ്ടിരുന്ന നികുതി റിട്ടേണ്‍, കോണ്‍ഗ്രസ് 2019 ഫെബ്രുവരി രണ്ടിനാണ് ഫയല്‍ ചെയ്തത്. വരുമാനം ഒന്നുമില്ലെന്ന് കാണിക്കുകയും 199.15 കോടിയുടെ നികുതിളവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്‍കം ടാക്‌സ് നിയമത്തിന്റെ സെക്ഷന്‍ 13 എ പ്രകാരമായിരുന്നു ഇത്.

എന്നാല്‍ 2019 സെപ്റ്റംബറില്‍ അസെസിങ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ പാര്‍ട്ടിക്ക് പണമായി 14.49 ലക്ഷം രൂപ സംഭാവന ലഭിച്ചെന്ന് കണ്ടെത്തി. രണ്ടായിരം രൂപയ്ക്കു മുകളിലുള്ള സംഭാവന ചെക്കുകളോ ബാങ്ക് മാര്‍ഗമോ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്നിരിക്കെയായിരുന്നു ഇത്.

കോണ്‍ഗ്രസിന്റെ നികുതിയിളവ് ആവശ്യം 2021-ല്‍ ഐടി വകുപ്പ് നിരാകരിച്ചിരുന്നു. 2023 മാര്‍ച്ചില്‍ കമ്മിഷണര്‍ ഓഫ് ഇന്‍കം ടാക്‌സ് (അപ്പീല്‍സ്) തീരുമാനം ശരിവെക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News