പത്തനംതിട്ട: സഹോദരനും തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബി.ജെ.പിയിലേക്ക് വന്നതെന്ന് പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍.
കെ. കരുണാകരന്റെ മക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കല്‍ മുരളീധരനും മനസിലാക്കും. ഈ തിരഞ്ഞെടുപ്പോടെ എ.ഐ.സി.സി. ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോണ്‍ഗ്രസ് നശിച്ച് താഴേത്തട്ടിലെത്തിയെന്നും പത്മജ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വേദികളില്‍ സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ ബി.ജെ.പി. വേദിയില്‍ തനിക്ക് അംഗീകാരം കിട്ടിയെന്ന് മാത്രമല്ല, തനിക്കൊപ്പം നിരവധി വനിതകളും ഉണ്ടായിരുന്നു. 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ കുറവാണെന്നും പദ്മജ പറഞ്ഞു.
എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിലെത്തിയ അദ്ദേഹം സിപിഎമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ചു. കേരളത്തിൽ അധികാരത്തിനായി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളാണുള്ളതെന്നും ഇവർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്. ഡൽഹിയിലെത്തിയാൽ ഇവർ തോളോടുതോൾ ചേരും. ഇരുകൂട്ടരും ചേർന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരിക്കൽ പുറത്താക്കപ്പെട്ടാൽ പിന്നീട് ആ സംസ്ഥാനത്തെ ജനതയ്ക്ക് കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വേണ്ട.
അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 1962-ൽ ആണ് കോൺഗ്രസ് അവസാനമായി വിജയിച്ചത്. ഇതുവരെ അവർക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ല. യുപി, ഗുജറാത്ത്, ബംഗാൾ എന്നിവിടങ്ങളിൽ നാല് പതിറ്റാണ്ടുമുൻപാണ് കോൺഗ്രസിന്റെ സർക്കാർ ഉണ്ടായിരുന്നത്. ഒറീസയിൽ മൂന്നുപതിറ്റാണ്ടുമുൻപ് കോൺഗ്രസ് പുറത്താക്കപ്പെട്ടു. കോൺഗ്രസിന് ഒരു പാർലമെന്റ് അംഗം പോലും ഇല്ലാത്ത സംസ്ഥാനങ്ങൾ ഉണ്ട്, മോദി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ത്രിപുരയിലേയും ബംഗാളിലേയും ഇപ്പോളത്തെ സ്ഥിതിനോക്കൂ. ജനങ്ങൾ കമ്മ്യൂണിസ്റ്റുകാരെ തിരിച്ചറിഞ്ഞു. അവരെ അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞു. ഭരിച്ച സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കോൺഗ്രസും കമ്മ്യൂണിസ്റ്റുപാർട്ടിയും നഷ്ടം മാത്രമാണ് ഉണ്ടാക്കിയത്, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങൾ പുരോഗമനപരമായി ചിന്തിക്കുന്നവരാണെന്നും എന്നാൽ, കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും നൂറ്റാണ്ടുകൾക്കു പിന്നിലുള്ള ചിന്താഗതി വെച്ചുപുലർത്തുന്നവരാണെന്നും നരേന്ദ്രമോദി വിമർശിച്ചു. സാംസ്കാരികമായി മുന്നിൽനിൽക്കുന്ന കേരള ജനതയെ നയിക്കാൻ ഇവർക്ക് സാധിക്കില്ല. കേരളത്തിന്റെ സംസ്കാരം എന്നത് ആധ്യാത്മികതയുമായി ചേർന്നുനിൽക്കുന്നതാണ്.
പക്ഷെ, കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിലാണ്. ഇവരുടെ രാഷട്രീയം സമൂഹത്തെ ഭിന്നിപ്പിക്കലാണ്. അക്രമ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ് ഇവർ. എൽഡിഎഫ് സ്വർണത്തിന്റെ രൂപത്തിൽ കൊള്ള നടത്തുന്നുവെങ്കിൽ സോളാർ പവറിന്റെ രൂപത്തിലാണ് കോൺഗ്രസിന്റെ കൊള്ളയെന്നും മോദി പരിഹസിച്ചു.