കണ്ണൂര്‍: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കെപിസിസി സമാഹരിച്ച ഫണ്ടിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഇതുവരെയുള്ള വരവുചെലവ് കണക്കുകൾ വെളിപ്പെടുത്തിയത്. രണ്ട് ജോയിന്റ് അക്കൗണ്ടുകളിലായി ആകെ 5.38 കോടി രൂപയാണ് സഹായമായി ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് 5,38,21,632 രൂപയാണ് എത്തിയത്. ഇതിൽ 1.05 കോടി രൂപ യൂത്ത് കോൺഗ്രസ് വിവിധ പരിപാടികളിലൂടെ സമാഹരിച്ചു നൽകിയതാണ്. ദുരന്തബാധിതർക്ക് സുരക്ഷിതമായ ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തുക വിനിയോഗിക്കുന്നതെന്ന് നേതൃത്വം അറിയിച്ചു.
പുനരധിവാസത്തിന്റെ ആദ്യഘട്ടമായി മൂന്നേക്കർ 24.5 സെന്റ് ഭൂമി വാങ്ങുന്നതിനായി 3,68,36,388 രൂപ ചെലവാക്കി. തുടർന്ന് രണ്ടാംഘട്ടത്തിൽ രണ്ടേക്കർ 18 സെന്റ് ഭൂമികൂടി ഏറ്റെടുത്തതോടെ അതിനായി 2,50,30,272 രൂപ കൂടി വേണ്ടിവന്നു. പിരിച്ചെടുത്ത ഫണ്ടിനേക്കാൾ വലിയ തുക ഭൂമി വാങ്ങാൻ മാത്രം ചെലവായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഫണ്ടിലെ കുറവ് നികത്താനായി കെപിസിസിയുടെ തനതുഫണ്ടിൽനിന്ന് ഇതിനോടകം 97,51,212 രൂപ വിനിയോഗിച്ചുകഴിഞ്ഞു. ഭൂമി രജിസ്‌ട്രേഷനും അനുബന്ധ നടപടികൾക്കുമായി ഇനിയും 73,90,985 രൂപ കൂടി ആവശ്യമാണ്. ഇനിയൊരു ഫണ്ട് ശേഖരണം നടത്തില്ലെന്നും ബാക്കി തുക പാർട്ടി ഫണ്ടിൽനിന്ന് കണ്ടെത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
നൂറോളം വീടുകൾ നിർമിച്ചുനൽകുമെന്ന വാഗ്ദാനം പാലിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു. വീട് നിർമാണത്തിനാവശ്യമായ തുക പാർട്ടി തന്നെ നേരിട്ട് ചെലവഴിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. മുൻ വയനാട് എംപി രാഹുൽ ഗാന്ധിയാണ് വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ചിരുന്നത്.
അതേസമയം, കോൺഗ്രസ് പുറത്തുവിട്ടത് കള്ളക്കണക്കാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. തറക്കല്ലിട്ട് ദിവസങ്ങൾക്കുള്ളിൽ പണി തുടങ്ങുമെന്ന് പറഞ്ഞിട്ട് ഇപ്പോഴെവിടെയായി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ചോദിച്ചു. വീടുവെക്കാനുള്ള പണം കണ്ടെത്താതെയാണ് കോൺഗ്രസ് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് ദുരന്തത്തിന്റെ പേരിൽ പിരിച്ച പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന ആരോപണം ഡിവൈഎഫ്ഐ നേരത്തെ ഉന്നയിച്ചിരുന്നു. എ.എ. റഹീം ഉൾപ്പെടെയുള്ള നേതാക്കൾ കണക്കുകളിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. രാഷ്ട്രീയ ആരോപണങ്ങൾ കടുക്കുന്നതിനിടെയാണ് കണക്കുകൾ പരസ്യപ്പെടുത്തി കോൺഗ്രസ് പ്രതിരോധം തീർക്കുന്നത്.
The Kerala Pradesh Congress Committee (KPCC) has officially released the financial details of the Wayanad rehabilitation fund, with President Sunny Joseph stating that ₹5.38 crore was collected through two joint accounts. The party revealed that the expenses for land acquisition have already exceeded the collected amount, necessitating an additional ₹97.51 lakh from the party’s own funds. However, the CPM has dismissed these figures as fraudulent, questioning the delay in the construction of the promised houses despite the foundation stone being laid months ago

