ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ(ടിവികെ) പിന്തുണ ആവശ്യമില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയാണ് കോൺഗ്രസിന് വിജയിയുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. “ഞങ്ങളുടെ പ്രവർത്തകരെ നോക്കൂ, അവർക്ക് ഇതിനോടകം തന്നെ ഊർജ്ജം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി ആവശ്യമായ ‘ബൂസ്റ്റ്, ഹോർലിക്സ്, ബോൺവിറ്റ’ എന്നിവ നൽകുന്നുണ്ട്,” സെൽവപ്പെരുന്തഗൈ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യം ടിവികെ പരിഗണിക്കുന്നുണ്ടെന്ന് വിജയ്‌യുടെ അച്ഛനും നിർമാതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിരുന്നു. കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ടെന്നും എന്നാൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കോൺഗ്രസ് സ്വാതന്ത്ര്യത്തിനായി പോരാടിയെന്നും എന്നാൽ മറ്റ് പാർട്ടികൾക്ക് പിന്തുണ നൽകുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വിജയ് അവരെ പിന്തുണയ്ക്കാനും പഴയ പ്രതാപം വീണ്ടെടുക്കാനും തയ്യാറാണെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതിനെതിരെയാണ് പാർട്ടിയുടെ സംസ്ഥാനനേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്.
അതേസമയം, ഈ ‘ബൂസ്റ്റ്’ കോൺഗ്രസിന് ആവശ്യമായി വന്നേക്കാം എന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. നിലവിലെ സഖ്യകക്ഷിയായ ഡി.എം.കെയുമായുള്ള ബന്ധം വഷളായേക്കാം എന്ന സൂചനകളുണ്ട്. നാലാം തവണയും വിജയിക്കുകയാണെങ്കിൽ അധികാരം പങ്കുവെക്കാൻ ഡി.എം.കെ. തയ്യാറായില്ലെങ്കിൽ, നിലവിലെ സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയേക്കാം. 2019-ലും 2024-ലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഡി.എം.കെ.യുമായി ചേർന്ന് കോൺഗ്രസ് വിജയിച്ചിരുന്നു.
ഇതുവരെ ഡി.എം.കെ. അധികാരം പങ്കുവെക്കാൻ തയ്യാറായിട്ടില്ല. എന്നാൽ, 2024-ൽ മത്സരിച്ച ഒമ്പത് സീറ്റുകളിലും 2021-ൽ 25-ൽ 18 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചതോടെ അവർക്ക് കൂടുതൽ പങ്കാളിത്തം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കുറഞ്ഞത് ആറ് മന്ത്രി സ്ഥാനങ്ങളെങ്കിലും വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ട് പാർട്ടികളും അടുത്ത തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് തമിഴ്‌നാട്ടിലെ 234 സീറ്റുകളിൽ കുറഞ്ഞത് 35 സീറ്റുകളിലെങ്കിലും മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഡി.എം.കെ. 19 സീറ്റുകളിൽ കൂടുതൽ നൽകാൻ തയ്യാറായിട്ടില്ല.
ഒരുപക്ഷേ വളരെ വിദൂരമായ സാധ്യതയാണെങ്കിലും കോൺഗ്രസും ടി.വി.കെ.യും തമ്മിലുള്ള സഖ്യം തള്ളിക്കളയാനാവില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ 60-ൽ അധികം സീറ്റുകളും വിജയിക്കുകയാണെങ്കിൽ മന്ത്രി സ്ഥാനങ്ങളും വാഗ്ദാനം ചെയ്യുന്ന ടി.വി.കെ.യുടെ ഓഫർ ആകർഷകമാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്.
English Summary:The Tamil Nadu Congress Committee (TNCC) has formally rejected the need for support from actor-turned-politician Vijay’s party, Tamilaga Vettri Kazhagam (TVK). TNCC President K. Selvaperunthagai stated that Congress workers are already energized and do not require external alliances to boost their morale. In a witty remark, he added that Rahul Gandhi’s leadership provides all the necessary ‘Boost, Horlicks, and Bournvita’ (energy) for the party cadre, dismissing any immediate possibility of a tie-up with Vijay for the upcoming elections.


